നരിക്കുനി:എരവന്നൂര്‍ എ.യു.പി സ്കൂള്‍ ഹിന്ദി അധ്യാപകനായ പാലോളിത്താഴം വിളിപ്പാവില്‍ അന്‍ഷിദാണ് കുതിരപ്പുറത്ത് അക്ഷരക്കളരിയിലെത്തുന്നത്.
സ്കൂള്‍ അങ്കണത്തിലെത്തിയാല്‍ പിന്നെ വിദ്യാര്‍ഥികളുടെ ആരവമാണ്. കുറച്ചുസമയം സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്കൊപ്പം. ഫസ്റ്റ് ബെല്‍ മുഴങ്ങിയാല്‍ പിന്നെ കുതിര സ്കൂളിന്റെ പിറകിലായിരിക്കും. സ്കൂള്‍ പ്രവേശനോത്സവ സമയത്താണ് ആദ്യമായി സ്കൂളിലേക്ക് കുതിരപ്പുറത്ത് വന്നത്. ഇന്ധന വില കൂടിവരുമ്ബോള്‍ ആശ്വാസമാണ് ഈ കുതിരയാത്ര. ബൈക്കിനേക്കാള്‍ ആനന്ദലഹരിയാണ് കുതിര സവാരി എന്ന് അന്‍ഷിദ് പറയുന്നു.
സുഹൃത്തും അധ്യാപകനുമായ ഷഹിം മുഹമ്മദലിയുമായി ചേര്‍ന്നാണ് മഹാരാഷ്ട്രയില്‍നിന്ന് പൂനൂരില്‍ കൊണ്ടുവന്ന പെണ്‍കുതിരയെ അന്‍ഷിദ് വാങ്ങിയത്. പരിശീലകരൊന്നുമില്ലാതെ വിഡിയോ കണ്ടാണ് സവാരി പഠിച്ചത്. കുതിര പരിശീലകരായ കത്തറമ്മല്‍ ഹബീബ്, ജൗഹര്‍ ചീക്കിലോട്, ഫവാസ് കരുവാരക്കുണ്ട് എന്നിവരുടെ നിര്‍ദേശങ്ങളും പ്രയോജനമായി.
കുതിരയുമായി ആത്മബന്ധം വേണമെന്ന് അന്‍ഷിദ് പറയുന്നു. ബാല്യത്തിലെ മനസ്സില്‍ മൊട്ടിട്ട മോഹമാണ് കുതിര സവാരി. സുഹൃത്തിന്റെ വീട്ടിലാണ് കുതിരയെ പാര്‍പ്പിച്ചിരിക്കുന്നത്. രാവിലെ തീറ്റ കൊടുത്താല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞേ സവാരി ചെയ്യാന്‍ പറ്റൂ. അതുകൊണ്ട്, മിക്ക ദിവസങ്ങളിലും ഉച്ചക്കുശേഷമാണ് കുതിരപ്പുറത്ത് സ്കൂളിലെത്തുക.
Tags:
NARIKKUNI