Trending

നാട്ടിൽ പ്രകടനവും സമ്മേളനങ്ങളും ആഘോഷങ്ങളും എന്തുമാവാം: പ്രവാസികള്‍ക്ക്‌ മാത്രം നിയന്ത്രണം!!; സർക്കാരിന്റെ ക്വാറന്റീന്‍ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തം.

 കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ എര്‍പ്പെടുത്താനുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനത്തില്‍ പ്രതിഷേധവുമായി പ്രവാസികള്‍ രംഗത്ത്. കൊവിഡ് വ്യാപനം നിലനില്‍ക്കുമ്പോഴും നാട്ടില്‍ യാതൊരു വിധ കൊവിഡ് മുന്‍കരുതലുകളും പാലിക്കാതെ ആഘോഷങ്ങളും,രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പൊതു ചടങ്ങുകളും നടക്കുന്നതിനിടെ പല തവണ പരിശോധനകള്‍ കഴിഞ്ഞ് കൊവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന പ്രവാസികള്‍ക്ക് മാത്രം എന്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്നതാണ് ഇവരുയര്‍ത്തുന്ന പ്രധാന ചോദ്യം.

ശാസ്ത്രീയമായ എന്തെങ്കിലും വിവരങ്ങളുടെയോ അല്ലെങ്കില്‍ കണക്കുകളുടെയോ അടിസ്ഥാനത്തിലല്ല പ്രവാസികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിക്കുന്നു. രാജ്യത്തോ സംസ്ഥാനത്തോ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ആദ്യം പ്രവാസികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകാതെ വരുമ്പോള്‍ എന്തെങ്കിലും നടപടികള്‍ എടുത്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ആരോപണമുയരുന്നു.

"അതേസമയം, മറ്റൊരു മേഖലയിലും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെന്നും പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപാര സ്ഥാപനങ്ങളിലെ പൊതു പരിപാടികളിലോ ആഘോഷങ്ങളിലെ ഒരു തരത്തിലുമുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലും പ്രവാസികള്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത് ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പ്രധാന ആരോപണം. 

വിദേശത്ത് നിന്നെത്തുന്നവര്‍ നിശ്ചിത ഇടവേളയ്ക്കുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും വിമാനത്താവളത്തില്‍ ഹാജരാക്കുകയും ചെയ്ത ശേഷമാണ് യാത്ര അനുവദിക്കുന്നത്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തുമ്പോള്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് അല്ലാതെ എത്തുന്നവരിലും രോഗലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കും.

ഒപ്പം ഓരോ വിമാനത്തിലും എത്തുന്ന യാത്രക്കാരില്‍ നിശ്ചിത എണ്ണം പേരെ പരിശോധിക്കുന്നുമുണ്ട്. ഇത്രയും നിബന്ധകള്‍ പാലിച്ചാണ് പ്രവാസികള്‍ നാട്ടിലേക്ക് എത്തുന്നത്. എന്നിട്ട് വീണ്ടും നിര്‍ബന്ധിത ക്വാറന്റീനിലാക്കേണ്ടതുണ്ടോ എന്നതാണ് പ്രവാസികളുടെ ചോദ്യം. ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ പുതിയ നിബന്ധന കാരണം യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
Previous Post Next Post
3/TECH/col-right