Trending

കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം; എക്സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ട് തള്ളി മന്ത്രി

കോഴിക്കോട് താമരശ്ശേരി ചുങ്കം-മുക്കം റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍  എക്സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസ് തള്ളി.

കരാർ കമ്പനിക്ക് പിഴവുണ്ടായില്ലെന്നായിരുന്നു എക്സിക്യൂട്ടീവ്  എൻജിനിയറുടെ റിപ്പോർട്ട്. എന്നാല്‍  കെ എസ് ടിപി പ്രോജക്ട്റ്റ് ഡയറക്ടറോട് വിശദമായി അന്വേഷിക്കാൻ മന്ത്രി ഉത്തരവിട്ടു. അടിയന്തരമായി റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു.

വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ കലുങ്ക് നിര്‍മ്മാണത്തിനെടുത്ത കുഴിയിലാണ് യാത്രക്കാരന്‍ വീണത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണികുളം എകരൂല്‍ സ്വദേശി അബ്ദുല്‍ റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

മുന്നറിയിപ്പ് ബോർഡുകളോ, റിഫ്ളക്ടറുകളോ കുഴിയെടുത്ത ഭാഗത്ത് സ്ഥാപിച്ചിരുന്നില്ല.വെറുമൊരു റിബണ്‍ മാത്രം വലിച്ച് കെട്ടിയ നിലയിലായിരുന്നു.

അതേ സമയം ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിർദ്ദേശം. ഉദ്യോഗസ്ഥക്കും കരാർ കണ്‍സൾട്ടൻസിക്കും ഉണ്ടായ വീഴ്ച പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തിനാണ് മന്ത്രി നിർദ്ദേശം നൽകിയത്.

അതിനിടെ അപകടത്തിൽ സുരക്ഷ മാനദണ്ഡം പാലിക്കുന്നതിൽ കരാറുകാർക്കും ഉദ്യോഗസ്ഥർക്കും വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനെതുടർന്ന് കെഎസ്ടിപി കണ്ണൂർ ഡിവിഷൻ അസിസ്റ്റന്‍റ് എഞ്ചിനിയറെ മൂവാറ്റുപുഴ ഡിവിഷനിലേക്ക് സ്ഥലം മാറ്റി. കരാറുകാരായ ശ്രീധന്യ കണ്‍സ്ട്രക്ഷന് സുരക്ഷ മാനദണ്ഡം പാലിക്കാത്തതിൽ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right