ഒമിക്രോണിൻ്റെ വ്യാപന തോത് ഉയർന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന മുഴുവൻ യാത്രക്കാർക്കും ബാധകമായ കേന്ദ്രം പുറത്തിറക്കിയ പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ ഇവയാണ്.
രാജ്യത്ത് കൊവിഡ് കേസുകളിൽ ഒമിക്രോൺ മൂലമുണ്ടായ കുതിച്ചുചാട്ടം നേരിടാൻ 10-01-2022 മുതലായിരിക്കും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.
വിദേശത്ത് നിന്ന് എത്തുന്ന ആളുകൾ ഇന്ത്യയിൽ ഇറങ്ങിയതിന് ശേഷം ഒരാഴ്ച ഹോം ക്വാറൻ്റെനിൽ കഴിയുകയും എട്ടാം ദിവസം പിസിആർ ടെസ്റ്റ് നടത്തുകയും വേണം.
പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ, അവരെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും അവരുടെ സാമ്പിളുകൾ ജീനോം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യും. ചികിത്സക്ക് വിധേയമാക്കുകയും പരിശോധികുന്ന ഡോക്ടറുടെ നിർദ്ദേശാനുസരണം ഡിസ്ചാർജ്ജ് ചെയ്യുകയും ചെയ്യും.
പോസ്റ്റീവ് ആയവരുടെ സമീപത്ത് ഇരുന്നിരുന്ന യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും സമ്പർക്കപട്ടികയിൽ ഉൾപ്പെടുത്തും.
പരിശോധന നെഗറ്റീവ് ആണെങ്കിൽ, യാത്രക്കാർ അടുത്ത ഏഴ് ദിവസത്തേക്ക് സ്വയം നിരീക്ഷണത്തിൽ കഴിയണം.
റിസ്ക്ക് ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്നവരെ എയർപോർട്ടുകളിൽ റാൻഡം പരിശോധനക്ക് വിധേയരാക്കും. 2 ശതമാനം ആളുകളെ മാത്രമേ പരിശോധിക്കുകയുള്ളു. അതേ സമയം കേരളത്തിൽ റാൻഡം പരിശോധന 20 ശതമാനമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് മുഴുവൻ ടെസ്റ്റ് നടത്തും. ടെസ്റ്റ് നടത്തി ഫലങ്ങൾക്കായി കാത്തിരിക്കണം. ഫലം ലഭിച്ചതിനു ശേഷമേ എയർപോർട്ട് വിടാനോ കണക്ഷൻ ഫ്ളറ്റ് വഴി യാത്ര തുടരാനോ പാടുള്ളൂ.
യൂറോപ്യൻ രാജ്യങ്ങൾ (യു കെ അടക്കം), സൗത്ത് ആഫ്രിക്ക, ബ്രസീൽ, ബോറ്റ്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യുസിലാൻഡ്, സിംബാവെ, താൻസാനിയ, ഹോംഗോംങ്, ഇസ്രായേൽ, കോംഗോ, എത്യോപ്യ, കസാകിസ്ഥാൻ, കെനിയ, നൈജീരിയ, തുണീഷ്യ, സാബിയ എന്നിവയാണ് ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്ന രാജ്യങ്ങൾ.
അതേ സമയം വിദേശത്ത് നിന്ന് ബൂസ്റ്റർ ഡോസ് അടക്കം സ്വീകരിച്ചും പിസിആർ ടെസ്റ്റ് നടത്തിയും മറ്റുമെല്ലാം നാട്ടിലെത്തുന്ന തങ്ങൾക്ക് ബാധമാകുന്ന ക്വാറൻ്റീൻ ജാഗ്രത നാട്ടിൽ വിവിധ പൊതു പരിപാടികളിൽ കൂട്ടം ചേരുന്ന സമയത്ത് ഉണ്ടാകുന്നില്ലെന്നത് എന്ത് കൊണ്ടാണെന്നാണ് പ്രവാസി സമൂഹം ചോദിക്കുന്നത്.