Trending

മുല്ലപ്പെരിയാർ തുറന്നു; പെരിയാർ തീരത്ത് ജാ​ഗ്രത

മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നു. രാവിലെ 7.30 ഓടെയാണ് സ്പിൽവേ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ഉയർത്തിയത്. ഇത് അറുപത് സെന്റീമീറ്റർ വരെ ഉയർത്തേണ്ടി വന്നേക്കുമെന്നാണ് സൂചന. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോൾ 138.75  അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് . ഷട്ടറുകൾ തുറനന്നതോടെ പെരിയാർ തീരത്ത് ജാ​​​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഡാമിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്.

മുല്ലപ്പെരിയാർ ഡാമിലെ 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചിരുന്നു.  മുല്ലപ്പെരിയാർ തുറന്നാലും പെരിയാറിൽ ഏകദേശം 60 സെന്റീമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരുവെന്നാണ് വിലയിരുത്തൽ. വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കും. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ജലത്തിനൊപ്പം മഴ കൂടി ശക്തമായാൽ നാളെ വൈകിട്ട് മുതൽ ഇടുക്കിയിൽ നിന്ന് സെക്കണ്ടിൽ ഒരു ലക്ഷം ലീറ്റർ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കെ എസ് ഇ ബിയും അറിയിച്ചിട്ടുണ്ട്. 

ഇതിനിടെ കേന്ദ്ര ജല കമ്മിഷൻ അം​ഗീകരിച്ച റൂൾ കർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. തമിഴ്നാട് തയാറാക്കിയ റൂൾ കർവാണ് കേന്ദ്ര ജല കമ്മീഷൻ അം​ഗീകരിച്ചത്. കേരളത്തിന്റെ പ്രവചനാതീതമായ കാലാവസ്ഥയിൽ ഇത് സ്വീകാര്യമല്ലെന്നും ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയാക്കാൻ പാടില്ലെന്നും കേരളം വാദിച്ചു. 
Previous Post Next Post
3/TECH/col-right