Trending

സംസം കഥ പറയുന്ന പെരുന്നാൾ:ഡോ. ഇസ്മായിൽ മുജദ്ദിദി

ത്യാഗോജ്വലമായ ജീവിത ചരിത്രത്തിൻ്റെ ഓർമകൾ പുതുക്കി ബലിപെരുന്നാൾ ഒരിക്കൽക്കൂടിയെത്തി. സർവശക്തനു സ്തുതി. സമൂഹം പരമ്പരാഗതമായി പുലർത്തിപ്പോന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പിഴുതെറിഞ്ഞ് ഏകദൈവാരാധനയിലേക്കും മരണാനന്തര ജീവിതത്തിലേക്കുമുള്ള ഇലാഹീ സന്ദേശം പകർന്ന് പരീക്ഷണങ്ങളിലൂടെ ജീവിച്ച ഇബ്റാഹിം പ്രവാചകൻ്റെ ചരിത്രം അയവിറക്കുന്ന സന്ദർഭമാണ് ബലി പെരുന്നാൾ. 

പിതാവ് ആസറിൻ്റെ അർത്ഥശൂന്യമായ ജീവിത വ്യവസ്ഥയെ ചോദ്യം ചെയ്തപ്പോൾ നാടുവിട്ടില്ലെങ്കിൽ കല്ലെറിയുമെന്ന ഭീഷണിയായിരുന്നു. പിന്നീട് നംറുദ് ചക്രവർത്തിയുടെ അഗ്നികുണ്ഠാരത്തിൽ ചുട്ടു കൊല്ലാനുള്ള ശ്രമത്തിൽനിന്ന് സ്രഷ്ടാവിൻ്റെ അനുഗ്രഹത്താൽ രക്ഷപ്പെട്ടു. പിന്നീട് ഹാജറയുമായി മക്കയിലേക്കുള്ള പലായനം. വിജനമായ ഭൂമിയിൽ കുടുംബത്തെ തനിച്ചാക്കി യാത്രപോയ സന്ദർഭം. മകൻ ഇസ്മായിലിനു ദാഹജലത്തിനായി സ്വഫ - മർവ പർവതനിരകൾക്കിടയിലെ വാൽസല്യനിധിയായ മാതാവിൻ്റെ ഓട്ടം. അവിടെ ഉറവ പൊട്ടി ഒഴുകി. നാഥനു സ്തുതി. ഹാജറ മൊഴിഞ്ഞു. സംസം. 

പരിത്യാഗജീവിതത്തിൻ്റെ ഓർമയാണ് ഹജ്ജ് കർമം. 30 ലക്ഷം തീർത്ഥാടനം നടത്തുന്ന മക്കയിൽ ഇത്തവണ അറുപതിനായിരം മാത്രം. ലോകം വിറങ്ങലിച്ചു നിൽക്കുന്ന മഹാമാരിയുടെ കാലത്ത് ജീവിതം ബാക്കിയാകുന്നതാർക്കാണെന്നറിയില്ല. വലിയ പരീക്ഷണമാണ് സമൂഹത്തെ ചൂഴ്ന്നു നിൽക്കുന്നത്. ഒരർത്ഥത്തിൽ മരണാനന്തര മഹ്ശറിലെ നഫ്സി, നഫ്സീ... എന്ന് പറഞ്ഞ് വെപ്രാളപ്പെട്ട് ഓടുന്ന അടിമയുടെ അവസ്ഥ തന്നെ. 

ഭീതിയുടെ കാലത്ത് ജാഗരൂകരായ സമൂഹത്തിന് അതിജയിക്കാനാകും. ഈ പരീക്ഷണത്തിൻ്റെ തീച്ചൂളയിൽ വെന്തുരുകുന്ന ആയിരങ്ങൾ നമുക്ക് ചുറ്റുമുണ്ട്. കൊവിഡിൻ്റെ പിടിയിൽ ഒന്നിലധികം ജീവൻ നഷ്ടമായവർ... നിത്യരോഗികൾ... ദാരിദ്ര്യത്തിൽ അമർന്നവർ... പുതുവസ്ത്രം പോയിട്ട് ഉടുതുണിക്ക് മറുതുണിയില്ലാത്തവർ... വിവാഹപ്രായം പിന്നിട്ട് ഗതിമുട്ടിയവർ... പ്രവാസ ജീവിതം നഷ്ടമായി കുടുംബം പ്രാരബ്ദത്തിലായവർ... കച്ചവടം പൊളിഞ്ഞ് കടബാധ്യതയുള്ളവർ... ഭവന നിർമാണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടവർ... അങ്ങനെയങ്ങനെ...

ആർഭാടങ്ങളില്ലാത്ത,
വിഭവങ്ങൾ നിരത്താത്ത,
സന്ദർശനങ്ങളില്ലാത്ത, കണ്ണീരണിഞ്ഞ പെരുന്നാളാണ് വിശ്വാസിക്ക്...
പരിത്യാഗ ജീവിതത്തിൻ്റെ ഓർമകൾ പുതുക്കുന്ന പെരുന്നാളിൽ സഹജീവി സ്നേഹത്തിൻ്റെ തുറന്ന ഹസ്തങ്ങൾ നീളട്ടെ...

അല്ലാഹു അക്ബർ... വലില്ലാഹിൽ ഹംദ്
Previous Post Next Post
3/TECH/col-right