Trending

ബ്രാൻ്റ് അമ്പാസിഡർക്ക് ചുരത്തിൽ സ്മാരകം പണിയണമെന്ന ആവശ്യമുയരുന്നു.

താമരശ്ശേരി: മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് താമരശ്ശേരി ചുരം. കോഴിക്കോട് ബാംഗ്ലൂർ റോഡിലെ ഒൻപത് ഹെയർ പിൻ വളവുകളോടു കൂടിയ ചുരം ആരുടെയും മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്.ഈ ചുരത്തെ സിനിമയിലെ ഡയലോഗിലൂടെ വിശ്വ പ്രസിദ്ധമാക്കിയ ബ്രാൻ്റ് അമ്പാസിഡർ കുതിരവട്ടം പപ്പുവിന് ചുരത്തിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യമാണ് ഉയരുന്നു വരുന്നത്.

ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ചുരം സന്ദർശിക്കാൻ സംസ്ഥാനത്തിൻ്റെ അകത്തു നിന്നും പുറത്തു നിന്നുമായി എത്തുന്നത്, ഇവിടെ എത്തിയാൽ ആദ്യം പറയുന്ന വാചകം തന്നെ " ഞമ്മടെ താമരശ്ശേരി ചുരം " എന്നാണ്. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ എഞ്ചിൻ മെക്കാനിക്കായ കുതിരവട്ടം പപ്പുവിൻ്റെ ഈ വാചകം തന്നെയാണ് ചുരത്തെ വിശ്വ പ്രസിദ്ധമാക്കിയതും.

ചുരത്തിലെ വീതി കൂടിയ ഉചിതമായ ഭാഗത്ത്  ഒരു ഫോട്ടോ പോയിൻ്റ് നിർമ്മിച്ച് അവിടെ ഒരു റോഡ് റോളറും, പപ്പുവിൻ്റെ പ്രതിമയും സ്ഥാപിച്ചാൽ പപ്പുവിൻ്റെ സ്മാരകത്തിനൊപ്പം വിനോദ സഞ്ചാരികൾക്ക് അവിടെ നിന്നും ഫോട്ടോ എടുക്കുവാനും, എന്നും ഓർമ്മയിൽ സൂക്ഷിക്കുവാനും സാധിക്കുന്ന ഒരിടമാവും.

അനുദിനം ചുരത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ഭാഗത്ത് നിന്നും വർഷങ്ങളായി ഉയരുന്ന ആവശ്യമാണിത്.അധികം സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ സാധ്യമാക്കാവുന്ന പദ്ധതിയും കൂടെയാണിത്. വിനോദ സഞ്ചാര വകുപ്പ് മുൻകൈ എടുത്താൽ എളുപ്പം പണി തീർക്കാനുമാവും. കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികൾ.

⭕⭕⭕⭕⭕⭕⭕⭕
🔹 ജനശബ്ദം🔹
 താമരശ്ശേരിയുടെ ബ്രാൻ്റ് അമ്പാസിഡർ കുതിരവട്ടം പപ്പു ...

താമരശ്ശേരിയെയും താമരശ്ശേരി ചുരത്തിനെയും ലോക പ്രസിദ്ധമാക്കിയത് അനശ്വരനായ പ്രശസ്ത സിനിമാതാരം കുതിരവട്ടം പപ്പുവാണ് ..


വെള്ളാനകളുടെ നാട് എന്ന സിനിമയിലെ എഞ്ചിൻ ഡ്രൈവർ സുലൈമാനായും , ടി.പി.ബാലഗോപാൽ എം എ എന്ന ചിത്രത്തിലെ ഡ്രൈവർ ചന്ദ്രേട്ടനായും പപ്പു തകർത്തഭിനയിച്ച കഥാപാത്രങ്ങൾ അത്ഭുത പൂർവ്വം വർണ്ണിച്ച താമരശ്ശേരി ചുരത്തിൻ്റെ ഭംഗിയും സൗന്ദര്യവും നിഗൂഢതയും ഒരിക്കൽ പോലും താമരശ്ശേരി ചുരം കാണാത്തവരെ പോലും ചുരത്തിൻ്റെ വിസ്മയക്കാഴ്ച്ചകളിലേക്ക് വിളിച്ചുണർത്തും .. 

താമരശ്ശേരിക്കാരൻ പുറത്തെവിടെ പോയാലും
നാട് താമരശ്ശേരിയാണെന്ന് പറഞ്ഞ് അന്നാട്ടുകാരനെ പരിചയപ്പെടുത്തിയാൽ ഉടൻ അയാളുടെ ചോദ്യം വരും " മ്മളെ പപ്പുവിൻ്റെ താമരശ്ശേരി ചൊരം  " .
ആ ചോദ്യം മാത്രം മതി ലോകത്തിന് മുന്നിൽ നമ്മുടെ നാടിനെ അത്രയ്ക്കും ആഴത്തിൽ അടയാളപ്പെടുത്തി വെച്ച കുതിരവട്ടം പപ്പുവിൻ്റെ ഓർമ്മകൾ നമ്മുടെ മനസ്സിനെ കുളിരണിയിക്കാൻ .

താമരശ്ശേരി ചുരത്തിനെ പുറം ലോകത്തിൻ്റെ ശ്രദ്ധയിൽ ഉൾപ്പെടുത്തിയ കുതിരവട്ടം പപ്പുവിന് ഒരു സ്മാരകം പണിയുന്നുവെങ്കിൽ അതിന് ഏറ്റവും ഉചിതം അദ്ദേഹം വാക്കുകളിലൂടെ വരച്ചിട്ട താമരശ്ശേരി ചുരത്തിൽ തന്നെയാകണം . പപ്പുവെന്ന ആ വലിയ മനുഷ്യന് നൽകാൻ ഇതിലും വലിയൊരു ആദരം മലയാളിക്ക് വേറെയുണ്ടാവില്ല .

 എസ്.വി.സുമേഷ്
 താമരശ്ശേരി
Previous Post Next Post
3/TECH/col-right