Trending

വൈദ്യൻ കുമ്പളങ്ങയിൽ വമ്പിച്ച വിളവ്, വിദ്യാർഥിനിക്കിത് ചാരിതാർഥ്യമുള്ള അനുഭവം

പൂനൂർ: പൂനൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനിയും സീഡ് ക്ലബ്ബ് അംഗവുമായ പൂനൂർ ഇന്ദീവരത്തിൽ ദേവ്ന ദിനേശ് വളർത്തിയ വൈദ്യൻ കുമ്പളത്തിൽ നിന്ന് അത്ഭുതകരമായ വിളവെടുപ്പ്. കഴിഞ്ഞ വർഷത്തെ ക്ലബ്ബ് പ്രവർത്തനത്തിൻ്റെ ഭാഗമായി കൃഷി ചെയ്ത കുമ്പള വള്ളിയിൽ നിന്നാണ് എഴുപതിൽപരം കായകൾ പറിച്ചെടുത്തത്.

പൂനൂർ പുഴയോരത്തെ സ്വന്തം പറമ്പിൽ വളർത്തിയ ഒറ്റ വളളിയാണ് അപ്രതീക്ഷിത വിളവ് നൽകിയത്. കറി വെയ്ക്കാൻ  വാങ്ങിയിരുന്ന കുമ്പളത്തിൻ്റെ വിത്തെടുത്ത് മുളപ്പിച്ചതിൽ ഒരുപാട് തൈകൾ മുളച്ചിരുന്നു. നാലിലകൾ വന്നപ്പോൾ തൈകൾ പലർക്കും കൊടുക്കുകയും വീട്ടുപരിസരത്തും ഒന്ന് പുഴയോരത്തും നടുകയുമായിരുന്നു ദേവ്ന.

വൈദ്യൻ കുമ്പളം എന്നും നെയ്‌കുമ്പളം എന്നും അറിയപ്പെടുന്ന ഔഷധ ഗുണമുള്ള ഈയിനം ഇന്ന് അന്യം നിന്നു കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് കേരളത്തിൽ സുലഭമായി കണ്ടു വന്നിരുന്ന ഈ കുമ്പളം 500 ഗ്രാം മുതൽ 1 കിലോഗ്രാം വരെ ഭാരം വരുന്ന കായകളാണ് തരുന്നത്. ഈ ചെടിയെ നിലനിർത്തുന്നതിനായി വിത്തുകൾ ശേഖരിച്ച് വിതരണത്തിന് ഒരുങ്ങുകയാണ് ഈ വിദ്യാർഥിനി.

പ്രകൃതിയെയും ചെടികളെയും പൂക്കളെയും പൂമ്പാറ്റകളെയും പ്രണയിക്കുന്ന ഈ കൊച്ചു മിടുക്കിക്ക് കൃഷി ഒരു ഹരമാണ്. അമ്മയുടെ പ്രേരണയിലും അച്ചച്ഛൻ്റെയും അച്ഛൻ്റെയും അച്ഛമ്മയുടെയും കുഞ്ഞനുജത്തിയുടെയും സഹായത്തിലുമാണ് അവൾ കൃഷി ചെയ്യുന്നത്. തക്കാളിയും വെണ്ടയും വഴുതനയും വിവിധ തരം മുളകും പല ഇനം വാഴകളും കൃഷി ചെയ്യുന്നുണ്ട്.  അടുക്കളയിൽ നിന്നുള്ള മാലിന്യങ്ങളാണ് വളമായി നൽക്കുന്നത്. ചോളം, വെണ്ട, വഴുതന, തക്കാളി, ചീര, കയ്പ്പ , പച്ചമുളക് എന്നിവയെല്ലാം ഈ വർഷം നല്ല വിളവ് തന്നിരുന്നു.

അധ്യാപകരായ ദിനേശ് പൂനൂരിൻ്റെയും, ടി എം ഷിംന എന്നിവരുടെ മകളാണ്.
Previous Post Next Post
3/TECH/col-right