Trending

അടിവാരത്തെ കാര്‍ വാഷിംഗ് സ്ഥാപനം ഭൂ ഉടമയുടെ നേതൃത്വത്തില്‍ തകര്‍ത്തതായി പരാതി

താമരശ്ശേരി: പുതുപ്പാടി അടിവാരത്തെ കാര്‍ വാഷിംഗ് സ്ഥാപനം ഭൂ ഉടമയുടെ നേതൃത്വത്തില്‍ തകര്‍ത്തതായി പരാതി. അടിവാരത്തെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് കൈതപ്പൊയില്‍ ആനോറമ്മല്‍ ഷൈജലിന്റെ ഉടമസ്ഥതയിലുള്ള ലൈവ് കാര്‍ വാഷ് സെന്ററാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരു സംഘം തകര്‍ത്തത്. ഒരു ലക്ഷം രൂപ നിക്ഷേപവും മുപ്പതിനായിരം രൂപ പ്രതിമാസ വാടകയും നല്‍കിയാണ് സ്ഥാപനം നടത്തുന്നതെന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് കാര്‍ വാഷിംഗ് സെന്റര്‍ സ്ഥാപിച്ചതെന്നും ഷൈജല്‍ താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സ്ഥാപനം തകര്‍ക്കാന്‍ എത്തിയവരുടെ വാഹനങ്ങളുടെ നമ്പര്‍ സഹിതമാണ് പരാതി നല്‍കിയത്. പെട്രോള്‍ പമ്പ് അടുത്തിടെ വിലക്കു വാങ്ങിയ കിഴക്കോത്ത് പന്നൂര്‍ മൂശാരുകണ്ടിയില്‍ ഫളലു, അടിവാരത്തെ പോര്‍ട്ടറായ തേക്കല്‍ വീട്ടില്‍ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം പേരാണ് സ്ഥാപനം തകര്‍ത്തതെന്ന് പരാതിയില്‍ പറയുന്നു.

മാസത്തില്‍ മുപ്പതിനായിരം രൂപ വീതം ആറു മാസത്തേ വാടക മുന്‍കൂറായി ഫളലുവിന് നല്‍കിയതാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ മാനേജറുടെ ഫോണിലേക്ക് വിളിച്ച് സ്ഥാപനം ഒഴിയണമെന്നും ഇല്ലെങ്കില്‍ തന്നെ അടക്കം കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷൈജലിന്റെ പരാതിയില്‍ പറയുന്നു. അന്നും പോലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഇരുപതോളം വരുന്ന സംഘം എത്തിയാണ് സ്ഥാപനം തകര്‍ത്തത്.

അടിവാരം ഔട് പോസ്റ്റില്‍ നിന്ന് പോലീസ് എത്തിയ ശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടതെന്ന് ഷൈജല്‍ പറഞ്ഞു.  കോവിഡ് പ്രതിസന്ധിയില്‍ വ്യാപാരികളും വ്യവസായികളും ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുമ്പോഴാണ്  9 മാസം മുമ്പ് 22 ലക്ഷത്തോളം ചെലവഴിച്ച് സ്ഥാപിച്ച കാര്‍ വാഷിംഗ് സെന്റര്‍ നശിപ്പിച്ചത്. ഷൈജലിന്റെ പരാതിയില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ചിത്രം: അടിവാരം പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള കാര്‍ വാഷിംഗ് സെന്റര്‍ തകര്‍ത്ത നിലയില്‍
Previous Post Next Post
3/TECH/col-right