Latest

6/recent/ticker-posts

Header Ads Widget

ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായി കെ.എം. ഷിനോജ്

മാനന്തവാടി:ലോക രക്തദാന ദിനമായ ഇന്ന് രക്തദാനത്തിനും ആതുര ശുശ്രൂഷക്കുമായി ജീവിതം ഉഴിഞ്ഞ് വച്ച മാധ്യമ പ്രവർത്തകൻ വേറിട്ട വ്യക്തിത്വത്തിന് ഉടമയാകുന്നു. രക്തദാനം ജീവദാനം എന്ന സന്ദേശം സ്വന്തം ജീവിതത്തിൽ പകർത്തി മാതൃകയാകുകയാണ് മാനന്തവാടി പഴശ്ശിനഗർ സ്വദേശി കെ.എം. ഷിനോജ് എന്ന യുവാവ്. കോവിഡ് കാലത്ത് മാത്രം 4 വട്ടമാണ് രക്തം ദാനം നൽകിയത്. ഇതിനകം 41 തവണയാണ് രക്തദാനം നടത്തിയത്.

മാനന്തവാടി ഗവ കോളജിലെ പിഡിസി പഠന കാലത്താണ് രക്തദാനത്തിലേക്ക്
തിരിഞ്ഞത്. അന്ന് കോളജിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡോണേഴ്സ് ഫോറത്തിന് രൂപം നൽകിയായിരുന്നു പ്രവർത്തനം. വിദ്യാഭ്യാസ കാലഘട്ടത്തിന്
ശേഷം പെയിൻ ആൻഡ് പാലിയേറ്റീവിലെ സജീവ പ്രവർത്തകനായി രക്തദാനം തുടർന്നു.

കിടപ്പ് രോഗികളെ വീടുകളിൽ എത്തി പരിചരിക്കാനും നിർധന രോഗികൾക്ക് മരുന്നും ഫുഡ് കിറ്റും എത്തിച്ച് നൽകാനും എന്നും പാലിയേറ്റീവ് പ്രവർത്തകർക്കൊപ്പം
ഷിനോജുമുണ്ട്.വയനാട്ടിൽ എവിടെയും രക്തത്തിന് ആവശ്യം ഉയരുമ്പോൾ ഇന്ന് ആളുകൾക്ക് മുൻപിൽ
ആദ്യം ഉയരുന്ന പേര് ഷിനോജിന്റെതാണ്.

കേരളത്തിന് പുറത്തും വിവിധ
ജില്ലകളിലുമായുള്ള രക്ത ബാങ്കുകളിൽ നൂറുകണക്കിന് രക്തദാതാക്കളെ
എത്തിക്കാൻ ഷിനോജിന് കഴിഞ്ഞു. രക്തദാനത്തിന് ഒപ്പം നേത്ര ദാനം, അവയവദാനം എന്നിവയുടെ പ്രചാരകനുമാണ് ഈ യുവ കർഷകൻ. 11 വർഷം മുൻപ് തുടങ്ങിയ
‘ജ്യോതിർഗമയ’ രക്തദാന–നേത്രദാന–ജീവകാാരുണ്യ പദ്ധതി ഇതിനകം ആയിരങ്ങൾക്ക് ആശ്വാസമായി.

ഏത് പാതിരാത്രി വിളിച്ചാലും രക്തം നൽകാൻ ഓടിഎത്തുന്ന
സുമനസുകളും രക്തദാനത്തിനായി രാവ് പകലാക്കുന്ന രക്തബാങ്കിലെ ജീവനക്കാരും ആദ്യകാലത്ത് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസറായിരുന്ന ഡോ. നിത വിജയൻ മുതൽ ഇപ്പോഴത്തെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസറായ ഡോ. ബിനിജ മെറിൻ
വരെയുള്ളവരുടെയും പിൻതുണയും സഹകരണവും ഏറെ പ്രധാനപ്പെട്ടതാണെന്ന് ഷിനോജ്
പറയുന്നു.

രക്തം ആവശ്യമാണെന്ന ഒരറിയിപ്പ് ലഭിച്ചാൽ ആ രോഗിക്ക് രക്തം എത്തിച്ച്
നൽകിയ ശേഷമെ മറ്റെന്ത് കാര്യവും ശ്രദ്ധിക്കാറുള്ളു. ഇതിനിടയിലും
വിവിധരംഗങ്ങളിൽ മികവ് തെളിയിക്കാനും ഷിനോജിന് കഴിഞ്ഞു. പരമ്പരാഗത കാർഷിക
കുടുംബത്തിലെ അംഗമായ ഷിനോജിനെ തേടി മികച്ച കർഷകനുള്ള പുരസ്കാരവും എത്തി.
ദീപ്തിഗിരി ക്ഷീരസംഘത്തിൽ വർഷങ്ങളായി പാൽ അളക്കുന്ന മികച്ച ക്ഷീര കർഷകനായ
ഷിനോജ് കോഴി വളർത്തലിലും സജീവമാണ്. മലയാള മനോരമയുടെ മാനന്തവാടി സബ്
ബ്യൂറോയിലെ ലേഘകൻ കൂടിയാണ് ഷിനോജ്. വിവിധ രംഗങ്ങളിലെ നിസ്വാർത്ഥ
സേവനത്തിന് നാൽപ്പതിലേറെ പുരസ്കാരങ്ങളും പഴശ്ശി നഗറിലെ കോപ്പുഴ വീട്ടിലെത്തി. മികച്ച രക്തദാആരോഗ്യ വകുപ്പിന്റെ പുരസ്കാരം പലവട്ടം
ലഭിച്ചു. തോണിച്ചാൽ യുവജന വായനശാലയും കുടുംബശ്രീയും ചേർന്ന്
ഏർപ്പെടുത്തിയ എടവക മികവ് പുരസ്കാരം, കൊയിലേരി ഉദയ വായനശാലയുടെ രജത ജൂബിലി
പുരസ്കാരം, രാജീവ് ഗാന്ധി സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ ഭാരത് രക്ത
രാജീവ് ഗാന്ധി പുരസ്കാരം തുടങ്ങിയ ഇതിൽ ചിലത് മാത്രമാണ്.

യാക്കോബായ സഭയുടെ സഭാ മാനേജിങ് കമ്മിറ്റി അംഗം, വേയ്‌വ്സ് ചെയർമാൻ,
ജ്യോതിർഗമയ’ കോ–ഓർഡിനേറ്റർ, സെന്റ് ജോൺസ് ആംബുലൻസ് സംസ്ഥാന സമിതി അംഗം,
സൺഡേസ്കൂൾ ഭദ്രാസന പ്രതിനിധി, സ്മൃതി രക്ഷാധികാരി, സ്പന്ദനം പിആർഒ തുടങ്ങി ഒട്ടേറെ ചുമതലകൾ വഹിച്ച് വരുന്നു.

മാനന്തവാടി വികസന സമിതി,
നിർദ്ദിഷ്ട കുറ്റ്യാടി–മാനന്തവാടി–മൈസൂരു ദേശീയ പാത ആക്ഷൻ കമ്മിറ്റി
തുടങ്ങിയവയിലെ നേതൃത്വത്തിലൂടെ വികസന രംഗങ്ങളിലും സജീവ സാന്നിധ്യമാണ്.മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിന്റെ സജീവ പ്രവർത്തകനുമാണ്.കുടുംബശ്രീയുടെയും ബാലസഭയുടെയും സംസ്ഥാന തല റിസോഴ്സ് പേഴ്സണായും ഏറെ നാൾ
പ്രവർത്തിച്ചു. മാതൃഭൂമി പത്രത്തിന്റെയും മാതൃഭൂമി ബുക്സിന്റെയും
ഏജന്റായി ഒന്നര പതിറ്റാണ്ടോളം പ്രവർത്തിച്ച ഷിനോജ് സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഏജൻസിയും നടത്തിയിരുന്നു. മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റ്,സൺഡഡേസ്കൂൾ ഡിസ്ട്രിക് സെക്രട്ടറി തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങൾ
വഹിച്ചിരുന്നു.

ശുചിത്രം കേരളം സംസ്ഥാന റിസോഴ്സ് പഴ്സനായും സാക്ഷരതാ പ്രേരകായും ഏറെ വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. പിബിഡിഎ കോ-ഓർഡിനേറ്റർ, കേരള ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ ചുമതലകളും വഹിച്ച് വരുന്നു. രക്തദാനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൃഷിക്കും മാധ്യമ പ്രവർത്തനത്തിനും ഒപ്പം മികച്ച ബിസിനസ് കാരനായും ശ്രദ്ധേയനാകാൻ ഷിനോജിന് കഴിഞ്ഞു. വർഷങ്ങളായി കർണാടകയിൽവാഴ, ഇഞ്ചി കൃഷികളും നടത്തി വരുന്നു. മാനന്തവാടി പെരുവക റോഡിലെ എസ് ആൻഡ് എസ് ആനിമൽ ബ്യൂറോ ആൻഡ് ഫാം ഫീഡ്സ് എന്ന സ്ഥാപനവും
നടത്തുന്നുണ്ട്. ഏത് തിരക്കിനിടയിലും തന്റെ പ്രഥമവും പ്രധാനവുമായ പരിഗണന രക്തദാനത്തിനാണെന്ന് ഷിനോജ് ആർജവത്തോടെ പറയും.

എടവക പഴശ്ശി നഗർ കോപ്പുഴ
മത്തായിയുടെയും മരിയുടെയും മകനാണ് ഷിനോജ്. ഭാര്യ ജിഷ. മക്കൾ: അഭിജിത്ത്കെ.ഷിനോജ്( ജിവിഎച്ച്എസ്എസ്, മാനന്തവാടി ), അലൻജിത്ത് കെ.ഷിനോജ്(എൽഎഫ്, യുപി സ്കൂൾ മാനന്തവാടി)

Post a Comment

0 Comments