Trending

കാലവര്‍ഷം: മുന്നൊരുക്കം നടത്താന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനം.

താമരശ്ശേരി: കാലവര്‍ഷം തുടങ്ങിയതോടെ മലയോര മേഖലയില്‍ പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനമായി. താമരശ്ശേരി പൊതുമരാമത്ത് വിശ്രമമമന്ദിരം ഓഡിറ്റോറിയത്തില്‍ കൊടുവള്ളി നിയോജക മണ്ഡലം നിയുക്ത എം.എല്‍.എ. ഡോ. എം.കെ. മുനീര്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഊര്‍ജ്ജിതമാക്കുന്നതിനും തീരുമാനമായത്.

കാലവര്‍ഷക്കെടുതി തടയുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടപ്പാക്കുന്നതിനും താമരശ്ശേരി തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമൊരുക്കാന്‍ യോഗത്തില്‍ തീരുമാനമായി. കാലവര്‍ഷം കനക്കുന്നതോടെ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കണ്ടെത്തി ഇത്തരം പ്രദേശങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ കൂടുതല്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
 പഞ്ചായത്ത് തലങ്ങളില്‍ റവന്യു വിഭാഗത്തിന്റെ സഹകരണത്തോടെ പ്രത്യേക ദുരന്ത നിവാരണ സമിതികള്‍ക്ക് രൂപം നല്‍കും.

ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടാവും ദുരന്ത നിവാരണ സമിതിക്ക് രൂപം നല്‍കുക. ഈ സമിതി ഇടക്കിടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. പഞ്ചായത്ത് തലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ സേന രൂപീകരിക്കും. ഓരോ പഞ്ചായത്തിലും നൂറു വളണ്ടിയര്‍മാരടങ്ങുന്ന സേനയാണ് രൂപീകരിക്കുക. ഇവര്‍ക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സേന നേതൃത്വം നല്‍കും.

തഹസില്‍ദാരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍, യന്ത്ര സാമഗ്രികള്‍ എന്നിവയുടെ ലഭ്യതയുടെ വിവരം ശേഖരം നടത്തും. ആവശ്യമായ സ്ഥലങ്ങലില്‍ പുനരധിവാസ ക്യാമ്പുകള്‍ നേരത്തെ കണ്ടെത്തി സജ്ജമാക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു. കാലവര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് വേഗത്തില്‍ മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു. 

യോഗത്തില്‍ നിയുക്ത എം.എല്‍.എ. ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, മുഹമ്മദ് മോയത്ത്, ജില്ലാ പഞ്ചായത്തംഗം നാസര്‍ എസ്റ്റേറ്റ്മുക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ യൂനുസ് അമ്പലക്കണ്ടി, സൈനുദ്ധീന്‍ കൊളത്തക്കര, ഗ്രാമ പഞ്ചായത്തംഗം എ.കെ. അബൂബക്കര്‍കുട്ടി, തഹസില്‍ദാര്‍ പി. ചന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രജീഷ്, വിവിധ റവന്യു, തദ്ദേശ സ്ഥാപന മേധാവികൾ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
Previous Post Next Post
3/TECH/col-right