Trending

അൽബിർറ്; ഓൺലൈൻ പഠനത്തിന് നൂതന പദ്ധതികൾ ആവിഷ്കരിച്ചു.

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ കാലത്തും  കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ ആശങ്കകൾ അകറ്റി നൂതന കർമപരിപാടികളുമായി അൽബിർ രംഗത്ത്. പ്രീ പ്രൈമറി മുതൽ നാലാം തരം വരെ പ്രവേശനം നേടിയ പതിനായിരത്തോളം വിദ്യാർത്ഥികൾക്കാണ് വെർച്വൽ പ്ലാറ്റ്ഫോമിൽ ക്ലാസുകൾ ലഭിക്കുക. വിഷയബന്ധിതമായ ആപ്ലിക്കേഷനുകളുടെയും വീഡിയോകളുടെയും ലൈവ് ഷെയറിങ്ങ്, വിവിധ പഠനപ്രവർത്തനങ്ങളുടെ വിനിമയം എന്നിവയിലുടെ നിരന്തര മൂല്യനിർണയവും വാർഷിക വിലയിരുത്തലും സാധ്യമാക്കും. ദിനാചരണങ്ങളും , പൊതുപരിപാടികളും ഫെസ്റ്റ് ഉൾപെടെയുള്ള പരിപാടികളും ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ടാലൻ്റ് ടെസ്റ്റും സംഘടിപ്പിക്കും.
   
കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതി യോഗം പുതിയ അഞ്ച് പ്രീ പ്രൈമറികൾക്കും ഒരു പ്രൈമറിക്കും അംഗീകാരം നൽകി. ഇശാഅത്തുൽ ഉലൂം കേന്ദ്ര മഹല്ല് കമ്മിറ്റി, മഞ്ചേശ്വരം, മലബാർ ഹയർ സെക്കൻററി സ്കൂൾ, ആലത്തിയൂർ, ഫാത്തിമ എഡ്യൂക്കേഷൻ ആൻറ് ചാരിറ്റബ്ൾ ട്രസ്റ്റ്, പാവൂർ, കണ്ടൻകുളങ്ങര ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി, എരഞ്ഞിക്കൽ, അൽ അൻസാർ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ, മുണ്ടംപറമ്പ, എന്നീ പ്രീ പ്രൈമറികൾക്കും, വഴിപ്പാറ അൽബിർ പ്രൈമറിക്കുമാണ് അംഗീകാരം നൽകിയത്. ഇതോടെ അൽബിർ പ്രീ പ്രൈമറികളുടെ എണ്ണം 243 ഉം പ്രൈമറികൾ 46 ആയും ഉയർന്നു. ഓൺലൈൻ യോഗത്തിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അധ്യക്ഷനായി.

   
ജൂൺ 2ന് നടത്തുന്ന ഓൺലൈൻ പ്രവേശനോത്സവത്തോടെ 2021-2022 വർഷത്തെ അധ്യയനത്തിന് തുടക്കമാകും. സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രവേശോത്സവം ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, ഉമർ ഫൈസി മുക്കം എന്നിവർ സംസാരിക്കും. അബ്ദു സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നിർവഹിക്കും.
  
വീടുകളിൽ വിദ്യാർത്ഥികൾക്ക് പഠനമുറി, ബോർഡുകൾ, മറ്റു സ്റ്റേഷനറികൾ ലഭ്യമാക്കിയാണ് പഠനാരംഭ പ്രക്രിയകൾ നടപ്പിലാക്കുന്നത്. വീടുകൾ അലങ്കരിച്ചും പ്രവേശന ഗാനം ആലപിച്ചും മധുരം പകർന്നും ആദ്യ ദിനം വർണാഭമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഗൂഗ്ൾ മീറ്റിലൂടെ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക്  പണ്ഡിതന്മാർ ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്ത് കൊടുക്കും.

മാനേജ്മെൻ്റ് - അധ്യാപിക പരിശീലനങ്ങൾ പൂർത്തീകരിച്ചതായും എല്ലാ വിദ്യാലയങ്ങളിലും ജൂൺ മാസം  പാരൻ്റിങ്ങ് ക്ലാസുകൾ നടത്താൻ പദ്ധതി ആവിഷ്കരിച്ചതായും കൺവീനർ ഉമർ ഫൈസി മുക്കം, എഡി കെ പി മുഹമ്മദ് എന്നിവർ അറിയിച്ചു.
Previous Post Next Post
3/TECH/col-right