പൂനൂർ: എസ് വൈ എസ് കോഴിക്കോട് ജില്ലാ സാന്ത്വനത്തിന്റെയും സഹായി വാദിസലാമിന്റെയും നേതൃത്വത്തിൽ സൗജന്യ കൊവിഡ് ഹോസ്പിറ്റൽ ആരംഭിക്കുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആവശ്യമായ കൊവിഡ് ബാധിതർക്ക് പൂർണമായും സൗജന്യ ചികിത്സ ലഭ്യമാക്കും.
പൂനൂർ റിവർഷോർ ഹോസ്പിറ്റലുമായി സഹകരിച്ച് 28 ബെഡ്ഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 14 ബെഡ്ഡുകൾ സ്ത്രീകൾക്കും 14 ബെഡ്ഡുകൾ പുരുഷന്മാർക്കും സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഓക്സിജൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളോടെയാണ് കൊവിഡ് ആശുപത്രി സംവിധാനിച്ചിട്ടുള്ളത്. സാന്ത്വനം വളണ്ടിയേഴ്സിന്റെ സേവനവും ആശുപത്രിയിൽ ലഭ്യമായിരിക്കും.
സമൂഹത്തിൽ കൊവിഡ് വ്യാപകമായി വർദ്ധിച്ചു കൊണ്ടിരിക്കുകയും നിലവിലുള്ള ആശുപത്രികളിൽ സൗകര്യങ്ങൾ അപര്യാപ്തമാവുകയും ചെയ്യുന്ന ഗുരുതരാവസ്ഥ നിലനിൽക്കുന്ന ഘട്ടത്തിലാണ് സാന്ത്വനം ഇത്തരം മാതൃകാ പ്രവർത്തനവുമായി മുന്നോട്ടു വരുന്നത്.
സർക്കാർ ഇതര ഏജൻസികൾ സൗജന്യമായി നടത്തുന്ന കൊവിഡ് ഹോസ്പിറ്റലുകളിൽ ആദ്യത്തേതാണ് പൂനൂരിലെ സാന്ത്വനം കൊവിഡ് ഹോസ്പിറ്റൽ.ഇവിടെയെത്തുന്ന രോഗികളുടെ പൂർണമായ ചിലവുകൾ സാന്ത്വനം വഹിക്കും.
ഇതുസംബന്ധമായി ചേർന്ന യോഗം അബ്ദുല്ല സഅദി ചെറുവാടി ഉദ്ഘാടനം ചെയ്തു. ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട്, കെ എ നാസർ ചെറുവാടി, മുഹമ്മദ് അഹ്മദ് , അലവി സഖാഫി കായലം, പി വി അഹ്മദ് കബീർ, അബ്ദുസലാം ബുസ്താനി സംബന്ധിച്ചു.
Tags:
POONOOR