മുക്കം:ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ശല്യം കഴിഞ്ഞ ദിവസം മുക്കം പാലത്തിനു സമീപം നീർനായകൾ കൂട്ടത്തോടെയെത്തിയത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനു സമീപത്തായി പുഴയോര കൃഷിയിലേർപ്പെടുന്നവരും കുളിക്കാനിറങ്ങുന്നവരും ഇതോടെ ആശങ്കയിലായി.
നേരത്തേ ഇരുവഞ്ഞിപ്പുഴയുടെ പല പ്രദേശങ്ങളിലും നീർനായ ശല്യം രൂക്ഷമാവുകയും,കുട്ടികളുൾപ്പെടെയുള്ള നിരവധി പേർക്ക് കടിയേൽക്കുകയും ചെയ്തിരുന്നു. നിലവിൽ നീർനായയുടെ കടിയേറ്റ് ചികിത്സ തേടുന്നവരുമുണ്ട്. കൊടിയത്തൂർ, ചേന്ദമംഗലൂർ, മുക്കം ഭാഗങ്ങളിലാണ് ഇവയെ കൂട്ടത്തോടെ പലപ്പോഴും കണ്ടു വരുന്നത്. നീർനായ ശല്യത്തിനെതിരെ പല തവണ പരാതിപ്പെടുകയും ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദർശിക്കുകയും ചെയ്തെങ്കിലും ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല.
ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ നിരവധി പേർ കുളിയ്ക്കാനും മറ്റും ആശ്രയിക്കുന്ന കടവുകളിൽ നീർനായകളെത്തുന്നത് പരിഭ്രാന്തി പരത്തുന്നുണ്ട്.നീർനായകൾ കൂട്ടത്തോടെയെത്തുന്നത് പുഴയെ ആശ്രയിച്ച് കഴിയുന്നവർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.ക്രമാനുഗതമായി ഇവയുടെ എണ്ണം വർധിച്ചു വരുന്നതായാണ് സൂചന.നീർനായയിൽ നിന്ന് രക്ഷനേടാനുള്ള ഉപാധി ഉടൻ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റിപ്പോർട്ടർ : എൻ ശശികുമാർ OMAK
0 Comments