Trending

സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ ജാഗ്രത വേണം : കാന്തപുരം

കോഴിക്കോട് :സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിർത്തുന്നതെന്നും അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കാരന്തൂർ മർകസ് 43-ാം വാർഷിക സമ്മേളനത്തിൽ ബിരുദദാനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതനേതാക്കൾ സ്നേഹസന്ദേശങ്ങൾ അണികളിലേക്കു പകരണം. രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി സാമുദായിക സൗഹാർദം തകർക്കാൻ ആരും മുതിരരുത്. ഒരു ജനാധിപത്യ സമൂഹത്തിൽ മുഖ്യചർച്ചയാകേണ്ടത് പൗരസുരക്ഷയാണ്.

 ഓരോ പ്രദേശത്തും ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടാവണം. എങ്കിൽ മാത്രമേ പൗരന്മാർക്കിടയിൽ തുല്യത എന്ന ഭരണഘടനാ സങ്കല്പം ശരിയായി നിറവേറപ്പെടുകയുള്ളൂ. പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾക്കായി കൂടുതൽ വിദ്യാഭ്യാസ വികസന പാക്കേജുകൾ കൊണ്ടുവരണമെന്നും കാന്തപുരം പറഞ്ഞു.

 മതമീമാംസയിൽ ബിരുദം നേടിയ 2029 സഖാഫി പണ്ഡിതർക്കും ഖുർആൻ മനഃപാഠമാക്കിയ 313 ഹാഫിളുകൾക്കും ബിരുദം നൽകി. ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖിതങ്ങൾ അധ്യക്ഷനായി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖിതങ്ങൾ, സി. മുഹമ്മദ് ഫൈസി, ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എ.പി. മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ. കെ. അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, വി.പി.എം. ഫൈസി വില്യാപ്പള്ളി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സി.പി. ഉബൈദുല്ല സഖാഫി എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right