Trending

ലോകമെമ്പാടും ഉള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചാരിക്കുന്നു.

അപ്പോള്‍ ഭൂമി കുലുങ്ങി, സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. ''പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നു നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കു വേണ്ടി പീഡകള്‍ സഹിച്ചു യേശു കുരിശില്‍ മരിച്ചു. കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മ്മയാചരണമാണ് ദുഃഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകളിൽ ഈ ദിവസം വലിയ വെള്ളിയാഴ്ച അഥവാ ഗ്രെയിറ്റ്‌ ഫ്രൈഡേ (Great Friday) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും വിളിക്കുന്നു.

കുരിശിന്റെ രഹസ്യവും മഹത്വവും ദൈവിക പദ്ധതിയില്‍ അതിനുള്ള സ്ഥാനവും വ്യക്തമാക്കുന്ന പ്രാര്‍ഥനകളും കര്‍മങ്ങളുമാണ് ക്രിസ്തീയ ദേവാലയങ്ങളില്‍ ദുഃഖ വെള്ളിയാഴ്ച ദിവസം നടക്കുന്നത്. ദേവാലയങ്ങളില്‍ നടക്കുന്ന തിരുകര്‍മങ്ങളില്‍ പ്രധാനം പീഡാനുഭവ വായനയാണ്. പീലാത്തോസിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മുതല്‍ അവിടുത്തെ മൃതശരീരം അടക്കം ചെയ്യുന്നതു വരെയുള്ള സംഭവങ്ങള്‍ പീഡാനുഭവ വായനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുരിശിന്റെ വഴി, വി. കുരിശിന്റെ അനാച്ഛാദനം, ആരാധന, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നിവയും ചടങ്ങുകളിലുണ്ട്.

ക്രിസ്തു  അനുഭവിച്ച വേദന അനുസ്മരിച്ചു കൊണ്ട് ഈ ദിവസം കയ്പ്പുനീര് കുടിക്കുന്ന പാരമ്പര്യവും ക്രിസ്ത്യാനികള്‍ക്കിടയിലുണ്ട്.

ആദിമക്രൈസ്തവരുടെ കാലം മുതല്‍ തന്നെ ദുഃഖവെള്ളി ആചരിച്ചു പോന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. സഭാചരിത്രകാരനായ എവുസേബിയൂസ് (260-340) ദുഃഖവെള്ളി ആഘോഷങ്ങളെ പറ്റി എഴുതിയിട്ടുണ്ട്. എന്നതിനാല്‍ അദ്ദേഹത്തിന്റെ കാലത്തിനു മുന്‍പു തന്നെ ദുഃഖവെള്ളി ആചരണം നടന്നിരുന്നു എന്ന് അനുമാനിക്കാം.
Previous Post Next Post
3/TECH/col-right