Trending

ദുരന്തം ആവർത്തിക്കുമ്പോഴും പതങ്കയത്ത് സുരക്ഷയില്ല.

ഇന്നലെ മരണപ്പെട്ട മുഹമ്മദ് സ്വാലിഹിന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3:30 ന് ചോലയിൽ ജുമാ മസ്ജിദിലും, 4:30 ന് ഒഴലക്കുന്ന് ജുമാ മസ്ജിദിലും.

പത്തങ്കയത്ത് അപകടങ്ങളും ദുരന്തങ്ങളും തുടർക്കഥയാവുമ്പോഴും സുരക്ഷയൊരുക്കുന്നതിൽ അധികൃതർ പുലർത്തുന്നത് തികഞ്ഞ നിസ്സംഗത. വിനോദസഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് ഇവിടെ. ഏറ്റവും ഒടുവിൽ ജീവൻ നഷ്ടപ്പെട്ട ബിരുദ വിദ്യാർഥിയാണ് എളേറ്റിൽ വട്ടോളി ചോലയിൽ കച്ചേരിക്കുന്ന് മുഹമ്മദ് സ്വാലിഹ്.

ആഴമേറിയ ഭാഗത്തും ചുഴികളിലുംപെട്ടാണ് സഞ്ചാരികൾ അപകടത്തിൽപ്പെടുന്നത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയിലെ അടിയൊഴുക്കുകൾ വേനലിലും ശക്തമാണ്.

തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിലിൽനിന്ന് കേവലം അര കിലോമീറ്റർ ദൈർഘ്യമേ പതങ്കയത്തെത്താനുള്ളൂ. 
വൻ പാറക്കൂട്ടങ്ങളും അഗാധ ഗർത്തങ്ങളുമാണ് അപകടമുനമ്പൊരുക്കുന്നത്.

സുരക്ഷാജീവനക്കാരും ഇവിടെ ഇല്ല. തുഷാരഗിരി, അരിമ്പാറ വെള്ളച്ചാട്ടങ്ങൾപോലെ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി സർക്കാർ ടൂറിസംകേന്ദ്രമായി പതങ്കയത്തേയും ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് ഇനിയും ഒരു നടപടിയുമായില്ല.

സമീപജില്ലകളിൽനിന്നടക്കം കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. സാഹസികസഞ്ചാരികളായ യുവാക്കളുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്.

ജില്ലാ ടൂറിസം പ്രമോഷൻകൗൺസിൽ ഏറ്റെടുത്ത് സുരക്ഷിത വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം ശക്തമാണ്. അരിപ്പാറയിലും തുഷാരഗിരിയിലും സെക്യൂരിറ്റി പാസ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉണ്ട്. പതങ്കയത്താകട്ടെ ഒരു നിയന്ത്രണവുമില്ലാത്തതിനാൽ യഥേഷ്ടം വിഹരിക്കാൻ സഞ്ചാരികൾക്ക് സൗകര്യമൊരുക്കുകയാണ്. വേനൽമഴയിൽ പോലും മലവെള്ളക്കുത്തൊഴുക്ക് ശക്തമാണ്. വെള്ളച്ചാട്ടത്തിൽ അകപ്പെടുന്നവരെ രക്ഷപ്പെടുത്തുക അതിസാഹസികമാണ്.
ഇരുവഴിഞ്ഞിപ്പുഴയ്ക്കു കുറുകെ നീളൻ കയർകെട്ടിയാണ് പരിസരവാസികൾ ഇവരെ രക്ഷപ്പെടുത്തുന്നത്. കോടഞ്ചേരി-തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒരു കമ്പിപ്പാലമാണ് ഇവിടെയുള്ള ഏക വികസനപദ്ധതി.

ഈ പ്രദേശം ഡി.ടി.പി.സി. ഏറ്റെടുക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, ഗ്രാമപ്പഞ്ചാത്തംഗം രാജു അമ്പലത്തിങ്കൽ എന്നിവർ ആവശ്യപ്പെട്ടു.

Previous Post Next Post
3/TECH/col-right