Trending

കൊടുവള്ളിയിലെ കൈയേറ്റഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യം ശക്തം.

കൊടുവള്ളി : നഗരസഭാപരിധിയിൽ കാലങ്ങളായി സ്വകാര്യ വ്യക്തികൾ കൈയേറി കൈവശംവെച്ചിരിക്കുന്ന മുഴുവൻ സർക്കാർഭൂമിയും തിരിച്ചുപിടിക്കണമെന്ന ആവശ്യം ശക്തമായി. സ്വന്തമായി ഭൂമിയില്ലാതെ സർക്കാർ ഓഫീസുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് സർക്കാർഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യമുയർന്നിരിക്കുന്നത്.

240 ഏക്കർ ഭൂമി സ്വകാര്യവ്യക്തികൾ കൈയടക്കിവെച്ചതായുള്ള കണക്കുകൾ നഗരസഭയുടെ തന്നെ കൈവശമുണ്ടെന്ന് കൊടുവള്ളി ജനകീയസമിതി കൺവീനർ കെ. അസ്സയിൻ പറഞ്ഞു.

പൂനൂർ പുഴയുടെ വശങ്ങളിലാണ് കൂടുതലും കൈയേറ്റങ്ങൾ നടന്നിരിക്കുന്നത്. ഇവയിലേറെയും നഗരസഭാ അതിർത്തിയായ വെണ്ണക്കാട് മുതൽ മണ്ണിൽ കടവ് വരെയുള്ള ഭാഗങ്ങളിലാണ്. കൊടുവള്ളി, വാവാട് വില്ലേജ് ഓഫീസുകളുടെ പരിധിയിലാണ് ഈ പ്രദേശങ്ങൾ.

പല അങ്ങാടികളിലും കൈയേറ്റങ്ങൾ നടന്നിട്ടുണ്ട്. കരുവൻപൊയിൽ അങ്ങാടിയിൽ സ്വകാര്യവ്യക്തികൾ സർക്കാർഭൂമി കൈയേറിയതിനെതിരേ പൊതുപ്രവർത്തകനായ പൊയിലിൽ മരക്കാർകുട്ടി സ്വന്തം പണം ചെലവഴിച്ച് കോടതിയിൽ കേസ് നടത്തിയിരുന്നു. ഉദ്യോഗസ്ഥരെക്കൊണ്ട് കരുവൻപൊയിൽ അങ്ങാടി റീസർവേ നടത്തിച്ച്, കൈയേറ്റം നടത്തിയത് തെളിയിക്കാൻ മരക്കാർകുട്ടിക്ക് കഴിഞ്ഞിരുന്നു. പണം നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് സ്വകാര്യവ്യക്തികൾ സർക്കാർഭൂമി കൈയേറുന്നതെന്ന് പൊയിലിൽ മരക്കാർകുട്ടി പറഞ്ഞു.

സമരപരിപാടികൾക്ക് ഒരുങ്ങി ജനകീയസമിതി:

നഗരസഭാ പരിധിയിൽ അന്യാധീനപ്പെട്ട് കിടക്കുന്ന 240-ഓളം ഏക്കർ സർക്കാർഭൂമി കൈയേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിക്കാൻ നഗരസഭ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ജനകീയസമിതിയോഗം ആവശ്യപ്പെട്ടു. മൃഗാശുപത്രി, ഐ.ടി.ഐ., റസ്റ്റ് ഹൗസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്ക് ഭൂമി ലഭ്യമല്ലാത്തതിനാൽ സ്വന്തം കെട്ടിടം നിർമിക്കാൻ സാധിക്കുന്നില്ല.

കൈയേറ്റഭൂമി തിരിച്ചുപിടിക്കുന്നതിനായി പൊതുജനങ്ങളെ അണിനിരത്തി ഒപ്പുശേഖരണമടക്കമുള്ള പ്രത്യക്ഷ സമരപാടികൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. ചെയർമാൻ കോതൂർ മുഹമ്മദ് അധ്യക്ഷനായി.

പി.ടി. മൊയ്തീൻകുട്ടി, കെ.കെ. അബ്ദുറഹിമാൻകുട്ടി, കെ. അസ്സയിൻ, മജീദ് മാനിപുരം, സലീം അണ്ടോണ, എൻ.ടി. ഷാഹുൽ ഹമീദ്, കോതൂർ ബാബു, എൻ.വി. ആലിക്കുട്ടി, ഒ.പി. റസാഖ് , കെ.പി. മൊയ്തീൻ, സി.പി. റസാഖ് എന്നിവർ സംസാരിച്ചു.

മൃഗാശുപത്രി വാടകക്കെട്ടിടത്തിൽ:

വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ കൊടുവള്ളിയിലുണ്ട്. സ്വന്തമായി ഭൂമിയില്ലാത്തതിനാലാണിത്. സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായിരുന്ന മൃഗാശുപത്രി സൗത്ത് കൊടുവള്ളിയിൽ ഒരു വാടക കെട്ടിടത്തിലാണ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. മിനി സിവിൽസ്റ്റേഷൻ നിർമാണത്തിനായി മൃഗാശുപത്രിയുടെ സ്വന്തം സ്ഥലവും കെട്ടിടവും പൊളിച്ചുമാറ്റുകയായിരുന്നു. പകരം കെട്ടിടം നിർമിച്ചു നൽകുമെന്ന് അന്നത്തെ ഗ്രാമപ്പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ വാക്ക് പാലിക്കപ്പെട്ടിട്ടില്ല.

മൃഗാശുപത്രി കൊടുവള്ളിയിൽനിന്ന് മാറ്റിയതിനാൽ ക്ഷീരകർഷകർ ഏറെ പ്രയാസപ്പെടുകയാണ്. മൃഗാശുപത്രിക്ക് കൊടുവള്ളിയിൽത്തന്നെ കെട്ടിടം നിർമിക്കണമെന്നാവശ്യപ്പെട്ട് പറമ്പത്ത് കാവ് ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടറായ കെ.വി. അരവിന്ദാക്ഷൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പലതവണ പരാതികളും നിവേദനങ്ങളും നൽകിയിരുന്നു.
Previous Post Next Post
3/TECH/col-right