Trending

സർക്കാറിൻ്റെ പ്രഖ്യാപനങ്ങൾ പാഴ് വാക്കല്ല:മുഖ്യമന്ത്രി

താമരശ്ശേരി: സംസ്ഥാന സർക്കാറിൻ്റെ പദ്ധതികൾ പ്രഖ്യാപനങ്ങൾ മാത്രമല്ലെന്നും മറിച്ച് സമയബന്ധിതമായി നടപ്പിലാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ 80 പട്ടികജാതി പട്ടികവർഗ കോളനികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വകുപ്പ് മന്ത്രി ശ്രീ.എ കെ.ബാലൻ അദ്ധ്യക്ഷനായിരുന്നു.

ഈ പദ്ധതി പ്രകാരം നവീകരണം പൂർത്തിയാക്കിയ കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ വള്ളുവർകുന്ന് കോളനിയിലെ ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് മോയത്തിൻ്റെ അദ്ധ്യക്ഷതയിൽ ശിലാഫലക അനാഛാദനവും മുഖ്യ പ്രഭാണവും കാരാട്ട് റസാഖ്.എം.എൽ.എ നിർവ്വഹിച്ചു.

ബ്ബോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ള തോട്, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽ ജോർജ്, ബേബി രവീന്ദ്രൻ, ടി.പി.മുഹമ്മദ് ഷാഹിം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രേംജി ജെയിംസ്,അബൂബക്കർ കുട്ടി.കെ.പി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.സി. വാസു, പി.സി തോമസ്, ഹാരിസ് അമ്പായത്തോട്, കെ.വി.സെബാസ്റ്റ്യൻ,, സലാം മണക്കടവൻ, എൻ ഡി.ലൂക്ക, സലീം പുല്ല ടി, ഊരുമൂപ്പത്തി സുമതി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ട്രൈബൽ ഡവലപ്പ്മെൻറ് ജില്ലാ ഓഫീസർ സെയ്ദ് നയീം സ്വാഗതവും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം എ റഷീദ് നന്ദിയും പറഞ്ഞു.

പട്ടികവർഗ കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോളനികളിൽ കുടിവെള്ള വിതരണം, ഭവന പുനരുദ്ധാരണം, ഗതാഗത സൗകര്യം, വൈദ്യുതി മുതലായ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതി. ഈ പദ്ധതി പ്രകാരം കൊടുവള്ളി മണ്ഡലത്തിലെ കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ വള്ളുവർകുന്ന് കോളനിയിൽ ഒരു കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ്  ഉദ്ഘാടനം നിർവഹിച്ചത്.

നവീകരണ പ്രവൃത്തിയുടെ ഭാഗമായി 6 പുതിയ വീട് നിർമ്മിക്കുകയും, 6 വീടുകളുടെ റിപ്പയറിംഗ് പൂർത്തിയാക്കുകയും ചെയ്തു.കോളനിയിലെ കുടിവെള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള 3 കിണറുകൾ ആഴം കൂട്ടിനവീകരിക്കുകയും പുതുതായി ഒരു കിണർ നിർമ്മിക്കുകയും ചെയ്തു.15000 ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർടാങ്കും, വിതരണം ചെയ്യുന്നതിന് പമ്പ് ഹൗസും നിർമ്മിക്കുകയും ചെയ്തു. ഭവന നിർമ്മാണത്തിൻ്റെ ഭാഗമായി വീടുകൾ വൈദ്യുതീകരണവും പൂർത്തിയാക്കി.

പദ്ധതിയുടെ ഭാഗമായി കോളനിയുടെ നിലവിലുള്ള ശ്മശാനം നവീകരിച്ച് പുതിയ സംരക്ഷണഭിത്തി നിർമിക്കുകയും ചെയ്തു.കോളനി നിവാസികളുടെ ചിരകാല സ്വപ്നമാണ് ഇതോടെ പൂവണിഞ്ഞത്. കോഴിക്കോട് ജില്ലയിലെ മാതൃക പദ്ധതിയാണ്ചമൽ വള്ളുവർകുന്ന് കോളനിയിലെ പദ്ധതി.

Previous Post Next Post
3/TECH/col-right