Trending

സാഹിത്യകാരൻ യു. എ ഖാദർ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരൻ യു. എ ഖാദർ (85) അന്തരിച്ചു. കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തിലാണ് യു.എ.ഖാദര്‍ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി. കൊയിലാണ്ടി ഗവ: ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളജ് ഓഫ് ആര്‍ട്‌സില്‍ ചിത്ര കലാപഠനം നടത്തി.

ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്തു. 1990ൽ വിരമിച്ചു.
നോവലുകള്‍, കഥാസമാഹാരങ്ങള്‍, യാത്രാവിവരണം, ലേഖനങ്ങള്‍, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികൾ രചിച്ചു. അദ്ദേഹത്തിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാള ഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.
Previous Post Next Post
3/TECH/col-right