Trending

ഫസ്റ്റ്‌ബെൽ ക്ലാസുകൾ മുഴുവൻ ഇനി ഒരു കുടക്കീഴിൽ

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ഒരു പൊതു സൈറ്റിൽ ലഭ്യമാക്കുന്ന സംവിധാനം കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഏർപ്പെടുത്തി. ഇനി മുതൽ ജനറൽ, തമിഴ്, കന്നഡ മീഡിയം വിഭാഗങ്ങളിലെ  മുഴുവൻ ക്ലാസുകളും വീഡിയോ ഓൺ ഡിമാൻഡ് രൂപത്തിൽ  firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച് എപ്പിസോഡ് ക്രമത്തിൽ 3000 ലധികം ക്ലാസുകൾ ഈ  പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.

നവംബർ രണ്ടു മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്‌ബെല്ലിൽ സംപ്രേഷണം ചെയ്യും. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതോടെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികൾക്കും പ്രയോജനപ്പെടുന്ന ക്ലാസുകൾ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ആദ്യ ആഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. 

സമയ ലഭ്യതയുടെ പ്രശ്‌നം ഉള്ളതിനാൽ ഹയർസെക്കന്ററി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങൾ കൂടി പ്രയോജനപ്പെടുത്തിയായിരിക്കും സംപ്രേഷണം. മുഴുവൻ വിഷയങ്ങളും സംപ്രേഷണം ചെയ്യാൻ കൈറ്റ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.


പ്ലസ് വൺ ക്ലാസുകൾ കാണാൻ കുട്ടികൾക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർദ്ദേശം നൽകി. പുതുതായി ക്ലാസുകൾ കാണുന്ന എല്ലാ കുട്ടികൾക്കും മന്ത്രി ആശംസകൾ നേർന്നു.

Previous Post Next Post
3/TECH/col-right