Trending

തദ്ദേശ തിരഞ്ഞെടുപ്പ്; ബൂത്തിനകത്ത് ഒരു സമയം മൂന്നു വോട്ടർമാർ മാത്രം

തിരുവനന്തപുരം:തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ സമാപനദിവസം പതിവുള്ള കൊട്ടിക്കലാശം അനുവദിക്കില്ല.പത്രിക നൽകാൻ സ്ഥാനാർഥിയോ നിർദേശകനോ ഉൾപ്പെടെ മൂന്നുപേരിൽ കൂടരുത്. വോട്ടെടുപ്പിന് ബൂത്തിൽ സാമൂഹിക അകലം പാലിച്ച് ഒരുസമയം മൂന്നുപേർ മാത്രം. കോവിഡ് മാനദണ്ഡപ്രകാരം ആൾക്കൂട്ടം നിയന്ത്രിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മാർഗരേഖ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയപ്പാർട്ടികൾക്കും സ്ഥാനാർഥികൾക്കും പണക്കൊഴുപ്പ് കാട്ടാനുള്ള വഴികളടയ്ക്കുന്നതു കൂടിയാണ് മാർഗരേഖ. വിജയാഹ്ലാദവും കോവിഡ് ചട്ടപ്രകാരമേ പറ്റൂ.വോട്ടർമാർ മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. കോവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിലുള്ളവർക്കും തിരഞ്ഞെടുപ്പ് ജോലിയിലുള്ളർക്കും തപാൽവോട്ട്.


പാലിക്കേണ്ടത്

പത്രിക നൽകാനെത്തുന്ന സ്ഥാനാർഥിക്ക് ഒരു വാഹനം മാത്രം. ആൾക്കൂട്ടമോ ജാഥയോ വാഹനവ്യൂഹമോ വേണ്ടാ. മുൻകൂറായി സമയം അനുവദിക്കും. ഹാളിൽ പ്രവേശിക്കുന്നതിനുമുമ്പ് കൈ കഴുകണം. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കണം. മാസ്കും നിർബന്ധം. സെക്യൂരിറ്റി നിക്ഷേപം ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ ഒടുക്കിയതിന്റെ ചെലാൻ/രസീത് ഹാജരാക്കണം. സ്ഥാനാർഥി കോവിഡ് പോസിറ്റീവാണെങ്കിലോ ക്വാറന്റീനിലാണെങ്കിലോ നിർദേശകൻ മുഖേന പത്രിക നൽകാം.

പ്രചാരണം: സ്ഥാനാർഥികൾക്ക് മാല, ബൊക്കെ, നോട്ടുമാല, ഷാൾ തുടങ്ങിയവ നൽകി സ്വീകരണം പാടില്ല. വീടുകളിലെത്തി വോട്ടുചോദിക്കാൻ സ്ഥാനാർഥിയുൾപ്പെടെ അഞ്ചുപേർ മതി. റോഡ്ഷോയ്ക്കും റാലിക്കും പരമാവധി മൂന്നു വാഹനങ്ങൾ. ജാഥയും ആൾക്കൂട്ടവും കൊട്ടിക്കലാശവും അനുവദിക്കില്ല.

പൊതുയോഗങ്ങൾക്കും കുടുംബയോഗങ്ങൾക്കും പോലീസിന്റെ മുൻകൂർ അനുമതി വേണം.

നോട്ടീസും ലഘുലേഖയും കുറയ്ക്കണം. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുക. ബൂത്തിന്റെ പരിസരത്ത് സ്ലിപ്പ് വിതരണത്തിന് മാസ്കും കൈയുറയും ധരിച്ച രണ്ടുപേരെ അനുവദിക്കും.

വോട്ടെടുപ്പ്: വോട്ടർമാർ ബൂത്തിലേക്കു പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണം. മാസ്കും നിർബന്ധം. ബൂത്തിനുമുമ്പിൽ സാമൂഹിക അകലം പാലിച്ച് വോട്ടർമാർക്ക് സ്ഥലം രേഖപ്പെടുത്തും. ത്രിതല പഞ്ചായത്തിൽ മൂന്നും മുനിസിപ്പാലിക്കും കോർപ്പറേഷനും ഒരു വോട്ടും ചെയ്യണം.

പേര് ചേർക്കാൻ അവസരം

941 ഗ്രാമപ്പഞ്ചായത്തുകൾ, 152 ബ്ലോക്കുപഞ്ചായത്തുകൾ, 14 ജില്ലാപഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, ആറു കോർപ്പറേഷനുകൾ എന്നിവിടങ്ങളിലായി 21,865 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗസ്ഥർക്കുളള പരിശീലനം, ഇ.വി.എം. ഫസ്റ്റ് ലെവൽ ചെക്കിങ് എന്നിവ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പിനുമുമ്പ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരവസരംകൂടി നൽകും.

Previous Post Next Post
3/TECH/col-right