ദുബൈ:സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ വീണ്ടും കുടുങ്ങി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി എത്തിയ 300ഓളം ഇന്ത്യക്കാരാണ് കുടുങ്ങിയിരിക്കുന്നത്.ഇവരില്‍ മലയാളികളില്ല. 1300ഓളം പാകിസ്താനികളും വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവരില്‍പെടുന്നു. ഇവരില്‍ 1276 പേരെ മടക്കിയയച്ചു. 98 പേര്‍ വിമാനത്താവളത്തില്‍ തുടരുന്നു. ഇവരെയും ഉടന്‍ മടക്കിയയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
300ഓളം ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയതെന്ന് കോണ്സുലേറ്റ് സ്ഥിരീകരിച്ചു. 80 പേര്‍ക്ക് പിന്നീട് പ്രവേശനം അനുവദിച്ചു. ബാക്കിയുള്ളവരെ മടക്കി അയക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, വിമാനങ്ങള്‍ കുറവായതിനാല്‍ ഇവരുടെ മടക്കയാത്രയും പ്രതിസന്ധിയിലായിരിക്കുകയാണ്.
അതേസമയം, ടൂറിസ്റ്റ് വിസയില്‍ ജോലി അന്വേഷിച്ച് യു.എ.ഇയിലേക്ക് വരരുതെന്നും കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാവുവെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
യു.എ.ഇയില്‍ താമസിക്കാന്‍ സ്ഥലവും സാമ്ബത്തിക ശേഷിയുമുണ്ടെന്ന് അധികൃതരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളൂ.സന്ദര്‍ശക വിസക്കാര്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയതോടെയാണ് ഇവര്‍ വിമാനത്താവളത്തില്‍ അകപ്പെട്ടത്.
സന്ദര്‍ശക വിസയിലെത്തുന്നവര്‍ റിട്ടേണ്‍ ടിക്കറ്റ് നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന് കഴിഞ്ഞ ദിവസം വിമാനക്കമ്ബനികളും ദുബൈ എയര്‍പോര്‍ട്ടും നിര്‍ദേശം നല്‍കിയിരുന്നു.ഇത് പാലിക്കാതെ എത്തിയവരാണ് കുടുങ്ങിയവരില്‍ ഏറെയും.കഴിഞ്ഞ ദിവസം മലയാളികള്‍ അടക്കം വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഒരു ദിവസത്തിന് ശേഷമാണ് ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞത്.