Trending

അധ്യാപക നിയമനം:കോഴിക്കോട് നടക്കാവ് GITE ലെ ഡി എൽ എഡ് വിദ്യാർത്ഥികൾ ദുരിതത്തിൽ.

കോഴിക്കോട്:അദ്ധ്യാപകർ ഇല്ലാതെ ദുരിതത്തിലായി ഡിഎൽഎഡ് ഭാഷാധ്യാപക വിദ്യാർത്ഥികൾ .നടക്കാവ് ഗവൺമെന്റ് ടീച്ചർ ട്രെയിനിങ്  ഇൻസ്റ്റിറ്റ്യൂട്ടിലെ  അധ്യാപക വിദ്യാർഥികൾക്കാണ് ഈ ദുർഗതി.പ്രമോഷന്റെ ഭാഗമായി  4 മാസം മുൻപാണ് അറബിക്, എജുക്കേഷൻ എന്നീ വിഭാഗങ്ങളിലെ അധ്യാപകർ സ്ഥലം മാറിപ്പോയത്.ഇവർക്ക് പകരം അധ്യാപകരെ നിയമിക്കാൻ ബന്ധപ്പെട്ടവർ ഇതുവരെ തയ്യാറായിട്ടില്ല.അതുകൊണ്ട് തന്നെ ഡി എൽ എഡ് ഭാഷാധ്യാപക വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കാൻ അധ്യാപകരില്ലാത്ത അവസ്ഥയാണുള്ളത് .


നിയമനം സംബന്ധിച്ച് കോളേജ് മുഖാന്തിരവും പി ടി എ വഴിയും വിദ്യാർത്ഥികൾ നേരിട്ടും ഡി ഡി ഇ ഓഫീസിൽ പലതവണ പരാതി നൽകിയിട്ടും അധികാരികളിൽ നിന്ന് യാതൊരുവിധ നീക്കങ്ങളും ഉണ്ടായിട്ടില്ല.രണ്ട് വർഷത്തെ അധ്യാപക പരിശീലന കോഴ്സ് നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ഒന്നാം സെമസ്റ്ററിന്റെ അവസാനത്തിൽ പിരിഞ്ഞുപോയ അധ്യാപകർക്ക് പകരമായി രണ്ടാം സെമസ്റ്റർ തുടങ്ങി ഇത്രയും നാൾ കഴിഞ്ഞിട്ടും  സ്ഥിരനിയമനമോ താൽക്കാലിക നിയമനമോ നടന്നിട്ടില്ല  .

മറ്റുള്ള എല്ലാ ട്രെയിനിങ് സെന്ററുകളിലും  കൃത്യമായി കരിക്കുലം അനുസരിച്ച് പാഠഭാഗങ്ങൾ മുന്നോട്ടു പോകുമ്പോഴാണ് ഇവരോട് ഈ അവഗണന . +2 അടിസ്ഥാന യോഗ്യതയായി പരിഗണിച്ച ഈ കോഴ്സിൽ അഡ്മിഷൻ എടുത്ത 70 ഓളം വരുന്ന വിദ്യാർഥികൾ ആശങ്കയിലാണ്. അറബിക് വിഭാഗത്തിൽ 50 പേരും ഉറുദു വിഭാഗത്തിൽ 20 പേരും ആണ് ഇവിടെ പഠിക്കുന്നത്. അറബി, എജുക്കേഷൻ, സൈക്കോളജി എന്നീ വിഷയങ്ങളാണ് ഉള്ളത് . നിലവിൽ സൈക്കോളജി മാത്രമാണ് ക്ലാസ് നടക്കുന്നത്. നാലു സെമസ്റ്ററുകളായി രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാവുന്ന രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്.

എന്നാൽ കോഴ്സിനെ തുടക്കം മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.  2019 ആഗസ്റ്റിൽ തുടങ്ങേണ്ടിയിരുന്ന കോഴ്സ് മൂന്നുമാസം വൈകി നവംബർ അവസാനത്തോടെ കൂടിയാണ് ആരംഭിച്ചത് . ഡി എൽ എഡ് ഭാഷാധ്യാപക വിദ്യാർത്ഥികളുടെ ആദ്യ    ബാച്ചിന്റെ അവസ്ഥ ഇതായിരിക്കുമ്പോൾ തന്നെ പുതിയ ബാച്ചിലേക്കുള്ള വിദ്യാർഥികളുടെ അഡ്മിഷൻ  തുടങ്ങിക്കഴിഞ്ഞു . എയ്ഡഡ്  മേഖലയിലെ അനധികൃത അധ്യാപക നിയമനത്തെ സംബന്ധിച്ച അന്വേഷണം നടക്കുമ്പോൾ ഗവൺമെൻറ്  സ്ഥാപനത്തിലെ വിദ്യാർഥികൾ അധ്യാപകർ ഇല്ലാതെ പ്രതിസന്ധിയിലാണ് എന്നത് ഖേദകരം തന്നെ . സ്വകാര്യ ട്രെയിനിങ് സെന്ററുകൾക്കും സ്വാശ്രയ സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകുന്ന സർക്കാറോ മറ്റു ബന്ധപ്പെട്ടവരോ ഗവൺമെൻറ് സ്ഥാപനങ്ങളിലെ സ്ഥിതിഗതികൾ അന്വേഷിക്കുന്നില്ല എന്നത് വ്യക്തമായിരിക്കുകയാണ് .

വരും തലമുറയുടെ ഭാവി അധ്യാപക വിദ്യാർഥികളായ ഇവരുടെ കൈയിലാണ് എന്നത് ആരും ഓർക്കുന്നില്ല. ഇനി ഈ അധ്യാപക നിയമനത്തിന് വേണ്ടി ഏത് ഓഫീസിൻറെ വാതിലാണ് മുട്ടേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് നടക്കാവ് ഗവൺമെൻറ് ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ  ഡി. എൽ. എഡ്  വിദ്യാർത്ഥികൾ .
Previous Post Next Post
3/TECH/col-right