Trending

സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം ശശി തരൂരിന്

ദുബായ് : മുൻ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പേരിൽ ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം  പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രിയും അന്താരാഷ്ട്ര വ്യക്തിത്വവുമായ ശശി തരൂർ എംപിയെയാണ് ഈ വർഷത്തെ അവാർഡിന്  തെരഞ്ഞെടുത്തതെന്ന്  ജൂറി ചെയർമാൻ ഡോ.പിഎ ഇബ്രാഹിം ഹാജി, ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ , കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ്, ട്രഷറർ നജീബ് തച്ചംപൊയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും  ലോകസഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്ന  എം.പിയുമാണ്‌ ശശി തരൂർ. ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്ന ശശി തരൂർ എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രഭാഷകനും കൂടിയാണ്. 
ബ്രിട്ടീഷ് കൊളോണിയൽ ഭരണം ഇന്ത്യയ്ക്ക് ഗുണം ചെയ്തു എന്ന വാദം തള്ളുന്ന ശശി തരൂരിന്റെ "ആൻ ഇറ ഓഫ് ഡാർക്നസ്" എന്ന ഗ്രന്ഥത്തിന് 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ദേശീയവും അന്തർദേശീയവുമായ വിഷയങ്ങൾ കൊണ്ട് സമ്പന്നമായ 21പുസ്തകങ്ങൾ ശശി തരൂരിന്റേതായി ഉണ്ട്. സാമ്രാജ്യത്വം, സങ്കുചിത ദേശീയത, ഫാസിസം എന്നിവയെ പ്രതിപാദിച്ച്‌ ചരിത്രവും വർത്തമാനകാല അനുഭവങ്ങളും കോർത്തിണക്കി ശശി തരൂർ നടത്തുന്ന എഴുത്തും പ്രഭാഷണവും ഗൗരവമേറിയ ചർച്ചക്കും ചിന്തക്കും വഴിതുറക്കാറുണ്ട്.

 മതനിരപേക്ഷ-ജനാധി പത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ അഭിമാനമായ  ഭരണഘടനയുടെ  സംരക്ഷണത്തിനും വേണ്ടി പാർലമെന്റിനകത്തും പുറത്തും ശക്തമായ നിലയിൽ  നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ ഇടപെടലിനെ മുൻനിർത്തിയാണ്  ശശി തരൂരിനെ അവാർഡിനായി തെരഞ്ഞെടുത്തത്. 
മതവും ജാതിയും പറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കുകയും കൊന്നുതള്ളുകയും ചെയ്യുന്ന വർഗീയ - ഫാസിസത്തിനെതിരെ ശശി തരൂർ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത  നിലപാട് മതേതര സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ജൂറി അംഗങ്ങൾ  അഭിപ്രായപ്പെട്ടു. 
 ഡോ.പി.എ ഇബ്രാഹിം ഹാജി ചെയർമാനും  ഗ്രന്ഥകാരൻ എം.സി വടകര, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുൻ അംഗം ടി.ടി ഇസ്മായിൽ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ എന്നിവർ അംഗങ്ങളുമായ  ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ ജനപ്രിയ നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ  ധൈഷണികമായ നേതൃമഹിമ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും അദ്ദേഹം ഉയർത്തിപിടിച്ച നിലപാടിന്റെ സൗന്ദര്യം എക്കാലവും ആസ്വദിക്കുന്നതിനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് ജില്ലാ കെഎംസിസി വിവിധങ്ങളായ അനുസ്മരണ പരിപാടികൾ നടത്തുന്നത്.  

സിഎച്ച് രാഷ്ട്രസേവാ പുരസ്കാര സമർപ്പണവും 'മതനിരപേക്ഷ രാഷ്ട്രം; പ്രതിസന്ധിയും പ്രതിവിധിയും' എന്ന വിഷയത്തിൽ  സെമിനാറും  കോഴിക്കോട്ട് വെച്ച്  നടത്തുമെന്ന് കെഎംസിസി ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ് എന്നിവർ അറിയിച്ചു.
ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, എൻ.കെ ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ , ജില്ലാ ഭാരവാഹികളായ  നാസർ മുല്ലക്കൽ, കെ.അബൂബക്കർ മാസ്റ്റർ, മൊയ്തു അരൂർ, തെക്കയിൽ മുഹമ്മദ്, കെ.പി മൂസ്സ, വി.കെ.കെ റിയാസ്,  ഇസ്മായിൽ ചെരുപ്പേരി, അഹമ്മദ് ബിച്ചി, ഹാഷിം എലത്തൂർ,  അഷ്റഫ് ചമ്പോളി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right