Trending

അഭിമാനനിമിഷം; നേട്ടത്തിൻ നെറുകയിൽ കാപ്പാട് ബീച്ച്

കോഴിക്കോടിന്റെ യശസ്സുയർത്തി കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നേട്ടം. പരിസ്ഥിതി സൗഹൃദപരമായ നിർമ്മിതികൾ, കുളിക്കുന്ന കടൽവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങൾ, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി 33 ബ്ലൂ ഫ്ലാഗ് മാനദണ്ഡങ്ങൾ കടന്നാണ് കാപ്പാട് ബീച്ചിന്റെ അഭിമാനനേട്ടം. ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഓഫ് എൻവയോൺമെന്റൽ എഡ്യൂക്കേഷൻ നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനാണ് കാപ്പാടിന് ലഭിച്ചത്. 

ഡൽഹി ആസ്ഥാനമായിട്ടുള്ള എ2 ഇസഡ്  ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമാണ പ്രവർത്തികൾ നടത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റ് ആണ് ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷന്  കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്കായി കേന്ദ്ര സർക്കാർ എട്ട് കോടി രൂപ വകയിരുത്തിയിരുന്നു. 

സർട്ടിഫിക്കേഷൻ പ്രഖ്യാപനത്തിനു മുന്നോടിയായി ബ്ലൂ ഫ്ലാഗ് ലഭിക്കുന്നതിനാവശ്യമായ പ്രവർത്തികൾ കാപ്പാട് ബീച്ചിൽ പൂർത്തീകരിച്ചിരുന്നു. ബീച്ചിന്റെ പ്രവർത്തനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദപരമാണെന്ന് ആഹ്വാനം ചെയ്യുന്നതിനായി 'അയാം സേവിംഗ് മൈ ബീച്ച്' പതാക ഉയർത്തിയതിനൊപ്പം അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 


മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം എന്നിവയാണ് മാനദണ്ഡങ്ങളിൽ പ്രധാനം. കാപ്പാട് തീരം എപ്പോഴും വൃത്തിയുള്ളതാക്കി മാറ്റാൻ 30 വനിതകളാണ് ശുചീകരണ പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. തീരത്തെ ചപ്പുചവറുകളെല്ലാം ദിവസവും ഇവർ നീക്കം ചെയ്യുകയും പ്രദേശം വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്.


കാപ്പാട് വാസ്‌കോഡി ഗാമാസ്തൂപത്തിന് സമീപത്തുനിന്ന് തുടങ്ങി വടക്കോട്ട് 500 മീറ്റർ നീളത്തിൽ വിവിധ വികസന പ്രവൃത്തികൾ നടത്തിയിരുന്നു. ഉയർന്ന നിലവാരമുള്ള ടോയ്‌ലെറ്റുകൾ, നടപ്പാതകൾ, ജോഗിങ് പാത്ത്, സോളാർ വിളക്കുകൾ, ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും 200 മീറ്റർ നീളത്തിൽ കടലിൽ കുളിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.  കടലിൽ കുളി കഴിഞ്ഞെത്തുന്നവർക്ക് ശുദ്ധവെള്ളത്തിൽ കുളിക്കാനും വസ്ത്രം മാറാനും സൗകര്യമുണ്ട്. തീരത്തെ കടൽവെള്ളം വിവിധ ഘട്ടങ്ങളിൽ പരിശോധിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. ലോക ടൂറിസം ഭൂപടത്തിൽ ജില്ലയുടെ അഭിമാനമായി ഇതോടെ കാപ്പാട് ബീച്ചും ഇടം നേടിയിരിക്കുകയാണ്.

Previous Post Next Post
3/TECH/col-right