സര്‍ക്കാരിന്റെ 100 ദിന പരിപാടികളില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പില്‍ ചില പ്രധാന പദ്ധതികള്‍ നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അതില്‍ പ്രധാനപ്പെട്ടത് കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ബദല്‍ പാതയാണ്. ഇപ്പോള്‍ കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങള്‍ പോകുന്നത്.
പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്.അതിവര്‍ഷമുണ്ടാകുമ്പോള്‍ പലപ്പോഴും മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത പണിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബദല്‍പാത എന്നത് ഈ മേഖലയിലുള്ളവര്‍ ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിലുള്ള ചുരം പാത വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് ഈ പാത വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും ഒട്ടേറെ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ബദല്‍പാത മാത്രമാണ് ഇതിനെല്ലാം പരിഹാരം.
ആനക്കാംപൊയിലില്‍ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന പാതയ്ക്ക് 7.82 കിലോമീറ്റര്‍ നീളമുണ്ടാകും. തുരങ്കത്തിന്റെ നീളം 6.9 കിലോമീറ്റര്‍ വരും. തുരങ്ക നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ച കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്ക് നല്‍കിയിട്ടുണ്ട്. കിഫ്ബിയില്‍ നിന്നാണ് ആവശ്യമായ പണം ലഭ്യമാക്കുന്നത്. ആവശ്യമായ പഠനങ്ങള്‍ക്കു ശേഷം കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അത് ലഭിച്ചുകഴിഞ്ഞാല്‍ മറ്റ് നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു