നടുവണ്ണൂർ: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇനി മികവിനെ കേന്ദ്രം. എം.എൽ. എ പുരുഷൻ കടലുണ്ടിയുടെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചിലവിൽ സ്വകാര്യ വിദ്യാലയങ്ങളെ വെല്ലുന്ന മികവോടെ നിർമ്മിച്ച സ്കൂൾ കെട്ടിടം സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (09/09/2020 - ബുധനാഴ്ച) 11 മണിക്ക് ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നാണ് 'മികവിന്റെ കേന്ദ്രം 'പദ്ധതി. ഇതിന്റെ ഭാഗമായാണ് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂളിലെ കെട്ടിടവും ഉദ്ഘാടനം ചെയ്യപ്പെടുന്നത്.കിഫ്ബി ധന സഹായത്തോടെയാണ് ഇത്.സ്കൂൾ വികസനത്തിതായി എം.എൽ.എ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ നേരത്തെ ചെലവഴിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഒരു കോടി 75 ലക്ഷം രൂപയും വിദ്യാലയത്തിലെ വിവിധ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ചെലവഴിച്ചു.
അക്കാദമിക് കാര്യങ്ങളിൽ ഏറെ മുന്നിൽ നിന്ന വിദ്യാലയത്തിൽ പുതിയ കെട്ടിടം നിർമ്മിച്ചതോടെ ഭൗതിക സാഹചര്യങ്ങളിലും വലിയ മാറ്റമാണ് ഉണ്ടായത്. പുതുതായി നിർമ്മിച്ച കെട്ടിടങ്ങളിൽ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സൗത്ത് ബ്ലോക്കിൽ കാർ പാർക്കിംഗ് ഏരിയ, ഗ്രൗണ്ട് ഫ്ലോറിൽ നാല് ക്ലാസ് റൂം, രണ്ട് ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം, ഒന്നാം നിലയിൽ നാല് ക്ലാസ് മുറികൾ, രണ്ട് ടോയ്ലറ്റ് ബ്ലോക്ക്, ഒരു ഐടി ലാബ്, രണ്ടാം നിലയിൽ നാല് ക്ലാസ് മുറികൾ രണ്ട് ടോയ്ലറ്റ് ബ്ലോക്ക്, സയൻസ് ലാബ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.
നോർത്ത് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിൽ മൂന്ന് ക്ലാസ് മുറികൾ, അടുക്കള, സ്റ്റോർ റൂം, ഭക്ഷണം വിതരണം ചെയ്യാനുള്ള സ്ഥലം, രണ്ട് ടോയ്ലറ്റ് ബ്ലോക്ക് എന്നിവയും ഒന്നാം നിലയിൽ അഞ്ച് ക്ലാസ് മുറികളും രണ്ട് ടോയ്ലറ്റ് ബ്ലോക്കുമാണ് ഉള്ളത്. സ്ത്രീസൗഹൃദ ടോയ്‌ലറ്റ്, സ്മാർട്ട് ക്ലാസ് റൂമുകൾ, സ്മാർട്ട് ഹാൾ, സയൻസ് ലാബ്, ലൈബ്രറി തുടങ്ങിയ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
ഭൗതിക സാഹചര്യങ്ങൾക്കൊപ്പം വിദ്യാലയത്തിലെ അക്കാദമിക കാര്യങ്ങളും ഏറെ മികച്ചതാണ്. സ്കൗട്ട് ട്രൂപ്പ്, എസ്. പി. സി, ജെ. ആർ. സി, എൻ.സി.സി ഗേൾസ്, എൻ.എസ്.എസ് തുടങ്ങിയവയുടെ പ്രവർത്തനങ്ങളും ഏറെ മികവുറ്റതാണ്.
വിദ്യാർത്ഥികളുടെ കലാഭിരുചി വളർത്താനും നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രാദേശിക കലാകാരന്മാരുടയും രക്ഷിതാക്കളുടെയും സഹകരണത്തിൽ മഴവിൽ ചന്തം, മഴവിൽ ലയം, മഴവിൽ നടനം, മഴവിൽ അരങ്ങ്, മഴവിൽ ഫിലിം ക്ലബ് എന്നീ ഉപ ഗ്രൂപ്പുകളോടെ 10 വർഷമായി പ്രവർത്തിക്കുന്ന കലാ കൂട്ടായ്മയാണ് മഴവിൽ കലാ കൂട്ടായ്മ. മികച്ച വിദ്യാർഥികളെ ഏറ്റവും മികവിലേക്ക് ഉയർത്താനായി രക്ഷിതാക്കളുടെ സഹകരണത്തോടെ ബീ സ്മാർട്ട് എന്നൊരു പദ്ധതിയും എൽപി- യുപി എച്ച്എസ്- വിഭാഗത്തിൽ പ്രവർത്തിക്കുന്നു.
Tags:
EDUCATION