പൂനൂര്‍ : കോവിഡ് ഭീതിയില്‍ നാടാകെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നേറുമ്പോഴും പൂനൂര്‍ പുഴയിലേക്ക് മാലിന്യം തള്ളുന്നത് തുടരുന്നു. പൂനൂര്‍ കോളിക്കല്‍ റോഡില്‍ കുണ്ടത്തില്‍ കിഴമണ്ണില്‍ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ നിന്നാണ് പുഴയിലേക്ക് മാലിന്യം തള്ളുന്നത്.

നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും നിര്‍ബാധം പുഴയിലേക്ക് വലിച്ചെറിയുകയാണ്. മാലിന്യം കുന്നുകൂടി കടുത്ത ദുര്‍ഗന്ധം പരന്നതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി കുടിവെള്ള പദ്ധതികളാണ് പൂനൂര്‍ പുഴയെ ആശ്രയിച്ചുള്ളത്. 

പൂനൂര്‍ പുഴമലിനമാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.പ്രദേശവാസികള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്തംഗം പി.പി ഗഫൂര്‍ സ്ഥലത്തെത്തി.  വിഷയം വളരെ ഗൗരവമേറിയതാണെന്നും ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയില്‍പെടുത്തിയതായും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.