Trending

മൊബൈല്‍ സേവന ദാതാക്കള്‍ക്കെതിരെ ഉപഭോക്താക്കൾ പ്രതിഷേധം നടത്തി

താമരശ്ശേരി:വിവിധ സ്വകാര്യ വാര്‍ത്താവിനിമയ സേവന ദാതാക്കളുടെ വഞ്ചനാപരമായ നടപടികള്‍ക്കെതിരെ ഉപഭോക്താക്കളുടെ പ്രതിഷേധ നില്‍പ്പു സമരം. ഐഡിയ-വോഡാഫോണ്‍, ജിയോ തുടങ്ങിയ മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കണമെന്നും, ഉപഭോക്തൃ വഞ്ചന അവസാനിപ്പിക്കണമെന്നും, ഇന്റര്‍നെറ്റ് വേഗതക്കുറവിന് പരിഹാരം കാണണമെന്നും, വോയ്‌സ് കോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഉപഭോക്താക്കളായ യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് പ്ലക്കാര്‍ഡുകളേന്തി സമരം നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ബ്രോഡ്ബാന്റ് കണക്ഷനുകളും, മൊബൈല്‍ കണക്ഷനുകളുമെടുത്ത ആയിരങ്ങളാണ് ഇന്റര്‍നെറ്റ് വേഗതക്കുറവ് മൂലം പ്രയാസപ്പെടുന്നത്. നെറ്റ് വേഗത കുറവിനൊപ്പം വോയ്‌സ് കോളുകളും തകരാറിലായിരിക്കുകയാണ്. 

സംസാരിച്ചു കൊണ്ചിരിക്കുന്നതിനിടെ കോള്‍ കട്ടാവുകയും, ഫോണ്‍ വിളിച്ചാല്‍ കണക്ടാവാതിരിക്കുകയും ചെയ്യുന്നതും നിത്യസംഭവമായിരിക്കുകയാണ്. ഉപഭോക്താക്കളുടെ വര്‍ധനവിനനുസരിച്ച് ടവറുകളുടെ എണ്ണം കൂട്ടാത്തതും നിലവിലുള്ള ടവറുകളുടെ കവറേജ് കൂട്ടാത്തതുമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കെന്ന് താമരശ്ശേരിയിലെ ഉപഭോക്താവ് സുബൈര്‍ വെഴുപ്പൂര്‍ പറഞ്ഞു.

മൊബൈല്‍ കമ്പനികളുടെ ഇത്തരം വഞ്ചനാപരമായ നടപടികള്‍ക്കെതിരെയും കൊള്ളക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ വന്‍പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പലയിടങ്ങളിലും ലോക്ക്ഡൗണുകളും, മറ്റു നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ പല കമ്പനികളും വര്‍ക്ക് അറ്റ് ഹോം എന്ന പോളിസിയാണ് പിന്തുടരുന്നത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നവരും നെറ്റ് വേഗതക്കുറവ് മൂലം പ്രയാസത്തിലായിരിക്കുകയാണ്. മൊബൈല്‍ കമ്പനികള്‍ കണ്ണ് തുറക്കുന്നത് വരെ സമരം നടത്തണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിരിക്കുന്നത്. 

താമരശ്ശേരിയില്‍ ഉപഭോക്താക്കള്‍ നടത്തിയ നില്‍പ്പുസമരത്തില്‍ സുബൈര്‍ വെഴുപ്പൂര്‍, സാദിഖ് കുന്നുമ്മല്‍, സുഫൈദ്, ഷാഹിദ് ഷാനു സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right