Trending

ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍; മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കും

തിരുവനന്തപുരം:സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് 11 ഇനം പലവ്യജ്ഞനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്തെ 2000-ത്തോളം പായ്ക്കിങ് കേന്ദ്രങ്ങളിൽ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് ഉറപ്പാക്കി സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവരുടെ സഹായത്തോടെയാണ് കിറ്റ് തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സാധനങ്ങൾ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ തരണംചെയ്താണ് കിറ്റുകൾ തയ്യാറാക്കുന്ന ജോലി പുരോഗമിക്കുന്നത്.


500 രൂപയോളം വിലയുള്ള ഉത്പന്നങ്ങളാവും കിറ്റിൽ ഉണ്ടാവുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പായ്ക്കുചെയ്യുന്ന കിറ്റുകൾ റേഷൻ കടകൾ വഴി വിതരണം ചെയ്യും. അന്ത്യോദയ വിഭാഗത്തിൽപ്പെട്ട 5,95,000 കുടുംബങ്ങൾക്കാവും ആദ്യഘട്ടത്തിൽ കിറ്റുകൾ വിതരണം ചെയ്യുക.പിന്നീട് 31 ലക്ഷം മുൻഗണനാ കാർഡുള്ളവർക്ക് നൽകും. 

ഓഗസ്റ്റ് 13, 14, 16 തീയതികളിലാവും അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാർഡുകാർക്കുള്ള കിറ്റ് വിതരണം. തുടർന്ന് 19, 20, 21, 22 തീയതികളിൽ മുൻഗണനാ വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡ് ഉടമകൾക്ക് വിതരണം ചെയ്യും.

ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങൾക്ക് നീല, വെള്ള കാർഡുകളുടെ അടിസ്ഥാനത്തിൽ കിറ്റ് വിതരണം നടക്കും. റേഷൻ കാർഡ് ഉടമകൾ ജൂലായ് മാസത്തിൽ ഏത് കടയിൽനിന്നാണോ റേഷൻ വാങ്ങിയത് പ്രസ്തുത കടയിൽനിന്ന് ഓണക്കിറ്റ് വാങ്ങണം.
Previous Post Next Post
3/TECH/col-right