Trending

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: അഹമ്മദ്കുട്ടി ഉണ്ണികുളം

റെയില്‍വേ, വൈദ്യുതി, കല്‍ക്കരി, ബി.പി.സി.എല്‍, പ്രതിരോധം, ബഹിരാകാശ ഗവേഷണം തുടങ്ങിയ പെതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കരുതെന്നും എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട് അഹമ്മദ്കുട്ടി ഉണ്ണികുളം ആവശ്യപ്പെട്ടു. 

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണ നീക്കത്തിനും കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യാ ദിനാചരണ പരിപാടിയുടെ ഭാഗമായി വീട്ടുമുറ്റത്ത് നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം രാജ്യത്തെ 40 കോടി തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. 

കഴിഞ്ഞ മാര്‍ച്ച്, മെയ് മാസങ്ങളില്‍ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളില്‍ തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല. മറിച്ച് കോര്‍പ്പറേറ്റുകളുടെ ഉല്‍പ്പാദന നഷ്ടം നികത്താനും ഓഹരി വിപണിയിലെ ഇടിവ് മൂലമുണ്ടായ നഷ്ടം നികത്താനുമാണ് പണം നീക്കിവെച്ചത്. ജോലി സമയം 12 മണിക്കൂറാക്കി ഉയര്‍ത്തുകയും തൊഴില്‍ നിയമങ്ങള്‍് മൂന്നു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യുകയും ചെയ്തു കൊണ്ട് തൊഴിലാളി വര്‍ഗ്ഗത്തെ ദ്രോഹിക്കുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ഉണ്ണികുളം ആവശ്യപ്പെട്ടു. 
പ്രതിഷേധ സംഗമത്തില്‍ സുബൈര്‍ വെഴുപ്പൂര്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ഫസല്‍ വാരിസ് സ്വാഗതവും കെ.വി. ലത്തീഫ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right