Trending

കോവിഡിനും ഉരുള്‍പൊട്ടലിനുമിയില്‍ കേരളത്തെ ഞെട്ടിച്ച് വിമാനദുരന്തവും

കോഴിക്കോട് : വെള്ളിയാഴ്ച പുലര്‍ന്നത് ഇടുക്കി രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ വാര്‍ത്തയുമായാണ്. മുപ്പതുമുറികളുളള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. 78 പേരാണ് മണ്ണിനടിയില്‍ പെട്ടത്. പതിനെട്ടുപേര്‍ അപകടത്തില്‍ മരിച്ചെന്നെ രക്ഷാപ്രവര്‍ത്തകരുടെ അവസാനത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മലബാര്‍ മറ്റൊരു ദുരന്തത്തിന് സാക്ഷിയാവുകയായിരുന്നു.

ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പെട്ട് രണ്ടായി പിളര്‍ന്നു. വിമാനത്തിന് തീപ്പിടുത്തമുണ്ടായിട്ടില്ലെന്നും യാത്രക്കാര്‍ക്ക് പരിക്കുകള്‍ മാത്രമേയുളളൂവെന്നുമുളള ആദ്യറിപ്പോര്‍ട്ടുകള്‍ ദുരന്തത്തിലേക്ക് വഴിമാറിയത് പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടാണ്. പിന്നീട് മരണസംഖ്യ കൂടി.
കേരളം ഇരട്ടദുരന്തമുഖത്താണെന്നാണ് കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. കോവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ക്കിടയില്‍ കനത്തമഴ കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ കേരളത്തെ മുക്കിക്കളഞ്ഞതിന്റെ ഓര്‍മയില്‍ നിന്നുകൊണ്ടായിരുന്നു മുഖമന്ത്രിയുടെ പ്രസ്താവന. 

തമിഴ്‌നാട്ടിലോ, കര്‍ണാടകയിലോ ഉണ്ടായ രീതിയില്‍ വൈറസ് വ്യാപനം കേരളത്തില്‍ സംഭവിച്ചാല്‍, അതിനിടയില്‍ കനത്തമഴയും മണ്ണിടിച്ചിലും വെളളപ്പൊക്കവും കേരളത്തിന്റെ ചെറുത്തുനില്‍പിനെ പരീക്ഷിച്ചുകൊണ്ടെത്തിയാല്‍ ഇത്തിരിയോളമുളള ഈ കേരളം എങ്ങനെ പിടിച്ചുനില്‍ക്കും, ഇനിയൊരു വലിയ നഷ്ടത്തെ കേരളം എങ്ങനെ മറികടക്കും, ജനങ്ങള്‍ എങ്ങനെ ഈ വെല്ലുവിളികളെ അഭിമുഖീകരിക്കും..കേരളത്തിലെ ഓരോ പൗരനും ഇങ്ങനെ ചിന്തിച്ചുതുടങ്ങുന്നതിനിടയിലാണ് മറ്റൊരുപ്രഹരം കേരളത്തിനേറ്റത്. 2020ലെ ഓഗസ്റ്റും കേരളത്തിന് ദുരന്തം സമ്മാനിച്ചിരിക്കുന്നു. 

വിമാനത്തിന് തീപ്പിടിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന വ്യാപ്തിയെ കുറിച്ചാലോചിക്കുമ്പോള്‍ മാത്രം അല്പം ആശ്വസിക്കാം. മാസ്‌കും രണ്ടുമീറ്റര്‍ അകലവും മറന്ന് ജീവനുവേണ്ടി വീണ്ടും മഴയിലും കൈ മെയ് മറന്നൊരുമിച്ചതും അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായതും കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നും ആംബുലന്‍സുകള്‍ വിമാനത്താവളത്തിലേക്ക് പാഞ്ഞെത്തിയതും ഈ വെല്ലുവിളികളില്‍ നാം തളരില്ലെന്ന ഓര്‍മിപ്പിക്കലാണ്.
Previous Post Next Post
3/TECH/col-right