തിരുവനന്തപുരം : രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ നോട്ടീസ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന പതിവ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ കെ.സി.ബി.സി രംഗത്ത്. സ്‌പെഷ്യല്‍ മാരേജ് ആക്ടിന്റെ ദുരുപയോഗത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ അതൃപ്തി അറിയിച്ച് കെ.സി.ബി.സി പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.
മിശ്രവിവാഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട യുവാവിന്റെ പരാതിയിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തിന് കൂടുതല്‍ വ്യക്തത നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാണ്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത്. അതിന് പകരം അനാവശ്യമായ രഹസ്യാത്മക രജിസ്റ്റ്‌ട്രേഷന്‍ നടപടികള്‍ കൊണ്ടുവരുകയല്ലെന്നും കെസിബിസിയുടെ പ്രസ്താവനയില്‍ പറയുന്നു.
മാതാപിതാക്കളോ ബന്ധുക്കളോ അറിയാതെ രഹസ്യമായി വിവാഹം നടത്തണമെന്ന് ചിന്തിക്കുന്നതിന് പിന്നില്‍ നിഗൂഢമായ പല ലക്ഷ്യങ്ങളും ഉണ്ടാകുമെന്നാണ് കരുതുന്നത്. വിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് വാദിക്കുന്നവര്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും പ്രണയക്കുരുക്കുകളും കാണാന്‍ കൂട്ടാക്കാത്തവരാണ്.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി രഹസ്യ സ്വഭാവത്തോടെയുള്ള വിവാഹങ്ങളും, വിവാഹത്തിന് പിന്നില്‍ ദുരുദ്ദേശ്യങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാദ്ധ്യതയും വര്‍ദ്ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ വിവാഹ നോട്ടീസ് ഓണ്‍ ലൈന്‍ ആയി പ്രസിദ്ധീകരിക്കുക എന്നത് അത്യാന്താപേക്ഷിതമാണെന്നും പ്രസ്താവനയില്‍ കെസിബിസി വ്യക്തമാക്കുന്നു.
Tags:
KERALA