കോവിഡ് പശ്‌ചാത്തലത്തിൽ 2020-21 അധ്യയനവർഷത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ സർക്കാർ കുടുതൽ ലളിതമാക്കി. മുൻ വർഷങ്ങളിലെ പോലെ ഏകജാലക സംവിധാനത്തിൽ ഓൺലൈനായാണ് അപേക്ഷാ സമർപ്പണ നടപടികളെങ്കിലും ഇത്തവണ അപേക്ഷാഫീസ് അപേക്ഷയോടൊപ്പം ഒടുക്കേണ്ടതില്ല. പ്രവേശനം ലഭിച്ച് സ്‌കൂളിൽ ചേരുമ്പോൾ ഫീസ് നൽകിയാൽ മതി.
ഓൺലൈൻ പ്രവേശന നടപടികൾ പൂർത്തിയാക്കിയാൽ അവയുടെ പ്രിന്റൗട്ട് എടുത്ത് സ്‌കൂളിൽ നൽകുന്ന രീതിയും ഇപ്രാവശ്യമില്ല. പ്രിന്റൗട്ട് ആവശ്യമില്ലാത്തതിനാൽ മൊബൈൽഫോൺ ഉപയോഗിച്ചും അപേക്ഷ അയക്കാനാകും.
ഏകജാലക വെബ്‌സൈറ്റിൽ അപേക്ഷാ നടപടികൾ ആരംഭിക്കുമ്പോൾ എസ്‌എസ്‌എൽസി കഴിഞ്ഞവരാണെങ്കിൽ രജിസ്‌റ്റർ നമ്പർ നൽകിയാൽ അവരുടെ മാർക്ക് വിശദാംശങ്ങൾ സൈറ്റിൽതന്നെ ലഭ്യമാകും. സിബിഎസ്‌ഇയോ മറ്റ് ബോർഡ് പരീക്ഷകളോ ജയിച്ചവരാണെങ്കിൽ ഓരോ വിഷയത്തിന്റെയും മാർക്ക് അപ്‌ലോഡ് ചെയ്‌താൽ മതി.
കുട്ടിപഠിച്ച സ്‌കൂളിൽതന്നെ ഇതിനുള്ള ഒന്നിലധികം ഹെൽപ് ഡെസ്‌ക്കുകൾ പ്രവർത്തിക്കും.സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ സ്‌കൂളിനെ മാത്രം ആശ്രയിക്കുക.
കോവിഡ് നിയന്ത്രണ പ്രോട്ടോകോൾ പാലിച്ച് അധ്യാപകരും അനധ്യാപകരും വിദ്യാർഥി വളന്റിയർമാരും അടങ്ങുന്ന ഹെൽപ് ഡെസ്‌ക്കുകൾ അപേക്ഷ ആരംഭിക്കുന്ന 29 മുതൽ അവസാനിക്കുന്ന ആഗസ്‌ത് 14 വരെ പ്രവർത്തിക്കും. മേഖലാ, ഉപജില്ലാ, ജില്ലാ തലങ്ങളിലും ഹെൽപ് ഡെസ്‌ക്കുകൾ ഒരുക്കുന്നുണ്ട്.
Tags:
EDUCATION