യു.എ.ഇയിൽ മാർച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ സന്ദർശക വിസ, ടൂറിസ്റ്റ് വിസക്കാർ ആഗസ്റ്റ് 11നകം നാടുവിടുകയോ വിസ പുതുക്കുകയോ വേണമെന്ന നിർദേശത്തിൽ ഒരു ഇളവ് കൂടി. ആവശ്യമെങ്കിൽ ആഗസ്റ്റ് 11 മുതൽ 30 ദിവസത്തേക്ക് ഗ്രേസ് പിരീഡ് നേടി രാജ്യത്ത് തുടരുവാനാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് (ഐ.സി.എ) സൗകര്യമൊരുക്കുന്നത്. ഒറ്റ തവണ മാത്രമാണ് ഇത്തരത്തിൽ ഗ്രേസ് പിരീഡ് നേടാൻ അവസരം നൽകൂവെന്നും ഐ.സി.എ വ്യക്തമാക്കി.
ഈ കാലയളവിൽ വിസ പുതുക്കുകയോ താമസതൊഴിൽ വിസയിലേക്ക് മാറുകയോ ചെയ്യാത്ത പക്ഷം 30ദിവസം തികയുന്നതോടെ രാജ്യം വിടേണ്ടി വരും. അല്ലെങ്കിൽ പിഴ ഈടാക്കും. വിസ, തിരിച്ചറിയൽ കാർഡ് സേവനങ്ങൾ അതോറിറ്റി ഇതിനകം പുനരാരംഭിച്ചു കഴിഞ്ഞു. മാർച്ച് ഒന്നിനു ശേഷം താമസ വിസ കാലാവധി തീർന്നവർക്ക് ജൂലൈ 12 മുതൽ മൂന്നു മാസത്തിനകം അവ പുതുക്കിയാൽ മതിയാവും.
നേരത്തേ, കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ മാർച്ച് ഒന്നിനു ശേഷം കാലഹരണപ്പെട്ട താമസ വിസകൾക്കും സന്ദർശക വിസകൾക്കും ഡിസംബർ 31വരെ കാലാവധി ദീർഘിപ്പിച്ചു നൽകിയിരുന്നു. എന്നാൽ, രാജ്യം വിജയകരമായി കോവിഡ് വെല്ലുവിളിയെ മറികടക്കുകയും ജീവിതവും ഔദ്യോഗിക പ്രവർത്തനങ്ങളും സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുകയും ചെയ്തതോടെ ആ നടപടി റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. അതോറിറ്റിയുടെ ica.gov.ae വെബ്സൈറ്റിലൂടെ വിസ പുതുക്കുന്നതിനുള്ള സ്മാർട്ട് സേവനങ്ങൾ ലഭ്യമാവും.
Tags:
INTERNATIONAL