Trending

വയോധികയെ പീഡിപ്പിക്കുകയും,നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയുമായ ആളെ അറസ്റ്റ് ചെയ്തു

മുക്കം മുത്തേരിയില്‍ വയോധികയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും ആഭരണവും പണവും കവരുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയായ കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി മുജീബ് റഹ്മാനെയാണ് താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം  അറസ്റ്റ് ചെയ്തത്. 
ഈമാസം രണ്ടിന് രാവിലെയാണ് ഓമശ്ശേരിയിലെ ഹോട്ടല്‍ ജീവനക്കാരിയായ വയോധിക ക്രൂരമായ പീഡനത്തിനിരയായത്.ഹോട്ടലിലേക്ക് പോവാനായി മുത്തേരിയില്‍ നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം കാപ്പുമല റബര്‍ എസ്റ്റേറ്റിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കുകുയം ആഭരണങ്ങളും മൊബൈല്‍ ഫോണും പണവും പിടിച്ചു പറിക്കുകയുമായിരുന്നു. 


അവശയായ വയോധിക ഈ പ്രദേശത്തെ ഒരു വീട്ടിലെത്തുകയും അവര്‍ കയ്യിലെ കെട്ട് അഴിച്ച ശേഷം ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കവര്‍ച്ചക്കിടെ അക്രമിച്ചുവെന്നാണ് പോലീസ് ആദ്യം കരുതിയത്. കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി വയോധിക മൊഴി നല്‍കിയത്. തുടര്‍ന്നാണ് താമരശ്ശേരി ഡി വൈ എസ് പി. ടി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ മുക്കം, ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 15 അംഗ അന്വേഷണ സംഘം രൂപീകരിച്ചത്. 

ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് കൊണ്ടോട്ടി നെടിയിരുപ്പ് കാവുങ്ങല്‍ നമ്പില്ലത്ത് വീട്ടില്‍ മുജീബുറഹ്മാന്‍ പിടിയിലായത്. അന്‍പതോളം ക്രിമിനലുകളുടെ ഫോട്ടോ ശേഖരിച്ച് ഇരയെ കാണിച്ചു കൊടുത്താണ് കേസില്‍ തുമ്പുണ്ടാക്കിയതെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീണിവാസ് ഐ പി എസ് താമരശ്ശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മുത്തേരിയില്‍ ഇതേ ദിവസം മറ്റൊരു സ്ത്രീയുടെ മാല പിടിച്ചു പറിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നതായി എസ് പി പറഞ്ഞു. കോഴിക്കോട് ചേവരമ്പലത്ത് താമസിക്കുന്ന ഇയാള്‍ കവര്‍ച്ചക്കായി ഓട്ടോറിക്ഷയുമായി പുലര്‍ച്ചെ പുറത്തിറങ്ങുകയാണ് പതിവ്. 

പ്രതിക്കെതിരെ വിവിധ ജില്ലകളിലായി 16 കേസുകള്‍ നിലവിലുണ്ട്. പിടിക്കപ്പെടാത്ത അഞ്ചോളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് സംശയിക്കുന്നതായും പീഡിനം നടക്കുന്നതിനാല്‍ പല കവര്‍ച്ചകളും പുറത്തറിയാറില്ലെന്നും റൂറര്‍ എസ് പി പറഞ്ഞു.കഴിഞ്ഞ ദിവസം 10 കിലോ കഞ്ചാവുമായി പോലീസിന്റെ പിടിയിലായ സഹോദരങ്ങള്‍ ഇയാളുടെ കൂട്ടാളികളാണ്. മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് കവര്‍ച്ചക്കിറങ്ങുന്നതെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തി വരികയാണെന്ന് റൂറല്‍ എസ് പി പറഞ്ഞു.
Previous Post Next Post
3/TECH/col-right