കുന്ദമംഗലം: പതിമംഗലത്ത് ക്വാറൻ്റയിൻ ലംഘിച്ച രണ്ടുപേരെ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് കുന്ദമംഗലം പോലീസ് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ മർകസിൽ പ്രവർത്തിക്കുന്ന ക്വാറൻ്റയിൻ സെൻ്ററിലേക്ക് മാറ്റി. ജൂലായ് 14 ന് ഗോവയിൽ നിന്ന് മടങ്ങിയെത്തിയ  ലോറി തൊഴിലാളികളായ പതിമംഗലം  സ്വദേശിയേയും ആലപ്പുഴ സ്വദേശിയേയുമാണ് ക്വാൻ്റയിൻ സെൻ്ററിലേക്ക് മാറ്റിയത്. ഗോവയിൽ നിന്ന് മടങ്ങിയെത്തിയ ഇവർ ലോറി വർക്ക്ഷോപ്പിൽ നിർത്തിയിട്ട് അങ്ങാടിയിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആരോഗ്യ വകുപ്പിൽ അറിയിച്ചത്. 


തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പതിമംഗലം സ്വദേശിയോടൊപ്പം ആലപ്പുഴ സ്വദേശിയുമുണ്ടെന്ന് കണ്ടെത്തിയത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഇവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ലെന്നും  ഇവർക്കെതിരെ കേസ്സെടുക്കാൻ പോലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും കുന്ദമംഗലം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു പറഞ്ഞു.