Trending

താമരശ്ശേരി ജനമൈത്രി പോലീസിലെ നന്മമരം അഷ്റഫ്

തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റ് തക്കസമയത്ത് മൃഗഡോക്ടർമാരിൽ നിന്നും ചികിത്സ ലഭിക്കാൻ വൈകിയ താമരശ്ശേരി ചുങ്കം മുട്ടുകടവ് സ്വദേശി ജാനകിയുടെ ആടിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് ഒരു പോലീസ് ഓഫീസർ , കാക്കിക്കുള്ളിൽ ഇനിയുമുറങ്ങാത്ത ഒരു പിടി നന്മകൾ അവശേഷിക്കുന്ന മൂലാട് സ്വദേശി അഷ്റഫ് സാർ.

താമരശ്ശേരിയിലും പരിസരങ്ങളിലുമുള്ള മൃഗാശുപത്രികളിൽ നിന്നും ഒരു മിണ്ടാപ്രാണിക്ക് ചികിത്സ നിഷേധിച്ച വിവരം സോഷ്യൽ മീഡിയകളിൽ കൂടി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ്   താമരശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസറായ സീനിയർ സി.പി.ഒ അഷ്റഫ്  ഈ വിഷയവുമായി ബന്ധപ്പെടുന്നതും , എത്രയും പെട്ടെന്ന് ആടിന് ശസ്ത്രക്രിയ നടത്തുവാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനായി ഓടി നടന്നതും  ... 

മൃഗങ്ങളുടെയും , പക്ഷികളുടെയും ജീവൻ രക്ഷിക്കാൻ ബാധ്യസ്ഥരായ 
മൃഗ ഡോക്ടർമാർ ഒരു ആടിന്റെ ജീവന് പുല്ലുവില പോലും കൽപ്പിക്കാതെ  മടിച്ചു നിന്നിടത്തേക്കാണ് ഒരു പോലീസ് ഓഫീസർ സാമൂഹ്യ പ്രതിബദ്ധതയുടെയും , സർവ്വോപരി മിണ്ടാപ്രാണികളോടുള്ള ദയയുടെയും , അലിവിന്റെയും കാരുണ്യ സ്പർശമായി തലോടലായി എത്തിയത്...

അഷ്റഫ്  ശ്രമം ഇന്നു രാവിലെയോടെ (8-7-20 ) വിഫലമായെങ്കിലും , ആ വലിയ മനസ്സിലെ സ്നേഹത്തിന്റെയും നന്മയുടെയും വില നമ്മൾ കാണാതെ പോകരുത് , മനുഷ്യ ജീവൻ പോലെ തന്നെ വിലപ്പെട്ടതാണ് ഓരോ ജീവജാലങ്ങളുടെയും ഉള്ളിൽ തുടിക്കുന്ന പ്രാണനെന്ന തിരിച്ചറിവിൽ ആടിന്റെ ജീവൻ രക്ഷിക്കാൻ വിശ്രമമില്ലാതെ ഈ പോലീസുകാരൻ ഓടിനടന്നതിന് കയ്യും കണക്കുമില്ല...  
പ്രളയകാലത്ത് തകർന്നു വീണ വീടുകളുടെ പുനർനിർമ്മാണത്തിനും,
കോവിഡ് കാലത്ത് മരുന്നുകൾ ലഭിക്കാതിരുന്ന കിടപ്പ് രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽക്കാനും മുൻപന്തിയിൽ തന്നെ അഷറഫ് ഉണ്ടായിരുന്നു.

ജീവിതം ധന്യമാകുന്നത് നമ്മെക്കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരമുണ്ടാകുമ്പോഴാണ് , അത് മനുഷ്യനായാലും പക്ഷിമൃഗാദികളായാലും അഷ്റഫ് സാറിന് ഒരേ പോലെയാണ് , ഇത്തരം ചേതമില്ലാത്ത ഉപകാരങ്ങളിൽ നിന്നും പകർന്നു കിട്ടുന്ന നിർവൃതിയും അനുഭൂതിയുമാണ് ഈ പാവംമനുഷ്യന്റെ കൈമുതൽ , ഏവർക്കും അനുകരണീയമാക്കാവുന്ന പച്ചമനുഷ്യൻ ... 

കറകളഞ്ഞ സേവന സന്നദ്ധതയും വിനയാന്വിതമായ പ്രർത്തനശൈലിയും കൊണ്ട്  ജനമൈത്രി പോലീസ് എന്താണെന്നും , പൊതുജനം ഭയത്തോടെ കാണേണ്ട ഒരു വിഭാഗമല്ല പോലീസെന്നുമുള്ള ശോഭനമായ ചിത്രമാണ് അഷ്റഫ് സാർ ജനമൈത്രി പോലീസിലൂടെ താമരശ്ശേരിക്ക് കാണിച്ചു തന്നത് ...  

ജനമൈത്രി പോലീസിലൂടെ സാമൂഹ്യ സേവന രംഗത്ത് പുതിയ ഭൂമികകൾ സൃഷ്ടിക്കാനും , ആത്മാർത്ഥമായ സേവന മാർഗ്ഗങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കാനും  അഷ്റഫ് സാറിനും താമരശ്ശേരിയിലെ ജനമൈത്രി പോലീസിനും  സാധിക്കട്ടെ , ചത്തുപോയ ആടിനെയോർത്ത് ഹൃദയം വിങ്ങിയിട്ടുണ്ടാവും ഈ കാക്കിക്കുപ്പായക്കാരന് ,  ഒരിറ്റു കണ്ണീരെങ്കിലും മണ്ണിൽ പൊഴിഞ്ഞിട്ടുണ്ടാവും അഷ്റഫ് എന്ന ഈ പോലീസുകാരനിൽ നിന്നും ....

റിപ്പോർട്ടർ :SV സുമേഷ് താമരശ്ശേരി
Online Media Admins Kozhikode (OMAK)
ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ.
Previous Post Next Post
3/TECH/col-right