കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ പശ്ചാത്തലത്തിൽ വിമാന യാത്ര നിരോധിക്കുന്നതിനു മുമ്പ്‌ അനുവദിച്ച മുഴുവൻ എന്റ്രി വിസകളുടെയും കാലാവധി അവസാനിച്ചതായി താമസ കുടിയേറ്റ വിഭാഗം അറിയിച്ചു. നേരത്തെ അനുവദിച്ച മുഴുവൻ എന്റ്രി വിസകളുടെയും കാലാവധി ഓഗസ്ത്‌ 31 വരെ നീട്ടി നൽകിയിരുന്നു.എന്നാൽ നിലവിൽ ഇവയുടെ കാലാവധി ദീർ ഘിപ്പിക്കൽ പ്രക്രിയ കമ്പ്യൂട്ടർ സംവിധാനത്തിൽ സ്വീകരിക്കപ്പെടാത്തതിനാലാണു ഇതിനു തടസ്സമായിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. 

ഇത്‌ അനുസരിച്ച്‌ വിമാന സർവ്വീസ്‌ നിർത്തലാക്കുന്നതിനു മുമ്പുള്ള അവസാന പ്രവൃത്തി ദിനമായ   ഫെബ്രുവരി 24 നോ അതിനു മുമ്പോ പുതുതായി ഇഷ്യു ചെയ്യപ്പെട്ട സന്ദർശ്ശക,വിനോദ സഞ്ചാര ,തൊഴിൽ ,ഗർഹിക ,കുടുംബ വിസകളിൽ രാജ്യത്തേക്ക്‌ പ്രവേശിക്കാൻ സാധിക്കില്ല.പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്‌ വരെ ഈ വിഭാഗത്തിൽ പെട്ടവർ കാത്തിരിക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.  


എന്നാൽ നിലവിൽ രാജ്യത്ത്‌ കഴിയുന്നവർക്ക്‌ ഇത്‌ ബാധകമായിരിക്കില്ല.അതേ സമയം നിലവിൽ രാജ്യത്തിനു പുറത്ത്‌ കഴിയുന്നവരുടെ താമസ രേഖ പുതുക്കുന്നതിനു തടസ്സങ്ങളില്ല.പാസ്പോർട്ടിന്റെ കാലാവധി അടക്കമുള്ള നിബന്ധനകൾ പാലിച്ചു കൊണ്ടായിരിക്കും ഇതെന്നും അധികൃതർ വ്യക്തമാക്കി.