ക്വാറന്റീൻ ലംഘിച്ച് നഗരത്തിലിറങ്ങിയ ആളെ ആരോഗ്യപ്രവര്‍ത്തകരും,പോലീസും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. സൗദി അറേബ്യയിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയവേ ഭാര്യ ഉൾപ്പെടെയുള്ള വീട്ടുകാരുമായി വഴക്കിട്ട് ഇദ്ദേഹം പുറത്തിറങ്ങുകയായിരുന്നു.മൂന്നുദിവസം മുമ്പാണ് ഊന്നുകൽ സ്വദേശിയായ ഇയാൾ റിയാദിൽനിന്ന് നാട്ടിലെത്തിയത്. തുടർന്ന് ക്വാറന്റീനിൽ കഴിയുകയായിരുന്നു.
നഗരത്തിൽ പോലീസുകാർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മുഖാവരണം ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെത്തിയ ആളെ കണ്ടത്. തുടർന്ന് പോലീസുകാർ വിവരം തിരക്കി. അപ്പോഴാണ് വിദേശത്തുനിന്ന് എത്തിയ ആളാണെന്നും ക്വാറന്റീനിൽ കഴിയുകയായിരുന്നുവെന്നും മനസ്സിലായത്.
പറഞ്ഞ വിവരങ്ങൾ സത്യമാണോ എന്നറിയാൻ വേണ്ടി ഇദ്ദേഹത്തിന്റെ വീട്ടുകാരുടെ നമ്പർ വാങ്ങുകയും അന്വേഷിക്കുകയും ചെയ്തു. ആശുപത്രിയിൽ പോകാനുള്ള പോലീസിന്റെ നിർദേശം ഇയാൾ തള്ളി. തുടർന്ന് പോലീസ് ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചു.
എന്നാൽ ആരോഗ്യപ്രവർത്തകർ ഇയാളെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പകരം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് ആരോഗ്യപ്രവര്‍ത്തകരും,പോലീസും ചേർന്ന് ഇയാളെ സാഹസികമായി കീഴ്പ്പെടുത്തി കൈകാലുകൾ ബന്ധിച്ച് ആംബുലൻസിൽ കയറ്റി കൊണ്ടുപോയി.
കോഴിക്കോട് ക്വാറന്റൈന്‍ ലംഘനം; കേസെടുത്ത് പൊലീസ്
കോഴിക്കോട്: ജില്ലയില്‍ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ക്വാറന്റൈന്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച ഒരാള്‍ക്കെതിരെയും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്നയാളെ സന്ദര്‍ശിക്കാന്‍ എത്തിയ ആള്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.
ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ ശ്രമിച്ചതിന് കോഴിക്കോട് വെള്ളയില്‍ സ്വദേശിക്കെതിരെ ടൗണ്‍ പൊലീസാണ് കേസെടുത്തത്. ക്വാറന്റൈനില്‍ കഴിയുന്നയാളെ സന്ദര്‍ശിക്കാനായി എത്തിയ യുവാവിനെതിരെയും പൊലീസ് കേസെടുത്തത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പരാതിയിലാണ്.
ജില്ലയില്‍ പുതിയ കണ്ടൈയ്ന്‍മെന്റ് സോണുകളില്ലെങ്കിലും കൊവിഡ് അപകടകരമായ നിലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് ജില്ലാ ഭരണകൂടവും പൊലീസും പുലര്‍ത്തുന്നത്.
Tags:
KERALA