തിരുവമ്പാടി: പുല്ലൂരാംപാറ പത്തായപ്പാറയിൽ  ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോടഞ്ചേരി മഞ്ഞുവയൽ ഷവർനാൽ ഷിനോയിയുടെ മകൻ ജെയിംസ് (22) നെ ഈ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.ഇരുവഞ്ഞിപ്പുഴയിലെ പത്തായപ്പാറ കടവിൽ കാൽ കഴുകാനിറങ്ങിയതായിരുന്നു ജെയിംസ്. ഈ സമയം പുഴ കലങ്ങിമറിഞ്ഞ നിലയിലായിരുന്നു.അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെട്ട ജെയിംസിനെ വലിച്ച് കരയ്‌ക്കെത്തിക്കാൻ കൂടെയുണ്ടായിരുന്നയാൾ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു. 


കൂടെയുണ്ടായിരുന്നയാൾ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാരാണ് ആദ്യം തിരച്ചിൽ തുടങ്ങിയത്. പിന്നീട് തിരുവമ്പാടി പോലീസും മുക്കത്തുനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ജെയിംസിന്റെ വീടിന്റെ അധികം ദുരെയല്ലാതെയാണ് അപകടമുണ്ടായത്. നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും വെള്ളിയാഴ്ച കണ്ടെത്താനായില്ല. തുടർച്ചയായി പെയ്യുന്ന മഴയും വെളിച്ചക്കുറവും കാരണം വെള്ളിയാഴ്ചത്തെ തിരച്ചിൽ ഏഴുമണിയോടെ നിർത്തി.

ശനിയാഴ്ച രാവിലെ മുതൽ വീണ്ടും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.ഇന്ന് രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചു.ഉച്ചക്ക്12 മണിയോടെ ഇരവഞ്ഞിപ്പുഴയിൽ പത്തായപ്പാറ കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് തൊട്ടു താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

താമരശ്ശേരി താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ ശ്രീധരൻ, ഫയർഫോഴ്സ് അസി. ഓഫീസർ വിജയൻ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി അഗസ്റ്റിൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ജെ കുര്യാച്ചൻ, വിത്സൻ താഴത്തുപറമ്പിൽ, തിരുവമ്പാടി വിലേജ് ഓഫീസർ മാർട്ടിൻ എന്നിവരുടെ നേതൃത്വത്തിൽ മുക്കം ഫയർഫോഴ്സ്, തിരുവമ്പാടി പോലീസ്, സിവിൽ ഡിഫൻസ്, ഇരുവഞ്ഞി റെസ്ക്യൂ ടീം,തിരുവമ്പാടി പഞ്ചായത്ത് റെസ്ക്യൂ ടീം,ഓമശ്ശേരിയിലെ കർമ്മയുടെ പ്രവർത്തകർ, രാഹുൽ ബ്രിഗേഡ് അടക്കമുള്ള പരിസരങ്ങളിലെ മറ്റു സന്നദ്ധ സംഘങ്ങളും, നാട്ടുകാരും  തിരച്ചിലിൽ പങ്കെടുത്തിരുന്നു.
ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അൽപ സമയത്തിനകം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കയച്ചു.