Trending

ചാർട്ടഡ് വിമാനത്തിൽ ആളെ കിട്ടാനില്ല:ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ഭീതി അകലുന്നു

ദുബായ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയാണ് വരുന്നത്. അനുദിനം കേസുകളുടെ നിരക്ക് കുറയുകയാണ്. ഗള്‍ഫില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കി മാളുകളും, റെസ്റ്റോറന്റുകളും ബാര്‍ബര്‍ ഷോപ്പുകളും അടക്കമുള്ളവ തുറന്ന് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

ദുബായിൽ ജൂലായ് ഏഴ് മുതല്‍ സന്ദര്‍ശക വിസയില്‍ ആളുകള്‍ എത്തി തുടങ്ങും. യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ കോവിഡിനെ പ്രതിരോധിച്ചു തുടങ്ങി. ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ തൊഴിലവസരങ്ങൾ ഉയരുന്നുണ്ട്. നാട്ടിൽ നിന്ന് വേണ്ടത്ര തൊഴിലാളികളെ ആഭ്യന്തര വിമാന വിലക്ക് നിലനില്‍ക്കുന്നതിനാല്‍ കിട്ടാനില്ലാത്തതിനാല്‍ നിര്‍മ്മാണ മേഖലയടക്കമുള്ളേടത്ത് നിരവധി അവസരങ്ങളാണ് ഉള്ളത് .


ഇന്ത്യയിലും പ്രത്യേകിച്ച്‌ കേരളത്തിലും കോവിഡ് കേസ് വര്‍ദ്ധിക്കുന്നതിനാലും ഭാരിച്ച ചാര്‍ട്ടേഡ് വിമാന ടിക്കറ്റില്‍ നാട്ടിലെത്തി ക്വാറന്റൈന്‍ സംവിധാനം ഉപയോഗിച്ച്‌ കഴിയുന്നതിലും ഭേദം ഇവിടെ തന്നെ കഴിയുന്നതാണെന്ന് കരുതുന്ന പ്രവാസികളും നിരവധിയാണ്. ദുബായില്‍ സ്വദേശി വിദേശി വ്യത്യാസമില്ലാതെ ആരോഗ്യമേഖലയില്‍ ഉള്ളവര്‍ നല്ല ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി ചികില്‍സ നൽകുന്നതിനാലും ഭരണാധികാരികളുടെ കൃത്യമായ ഇടപെടലുമാണ് രോഗ മുക്തി സാധ്യമാക്കുന്നത്.

നാട്ടില്‍ എത്തിയാല്‍ പരിഹാസവും ഒറ്റപ്പെടുത്തലും ഏല്‍ക്കേണ്ടിവരുന്നതും ,സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളും പ്രവാസികളെ നാടണയുന്നതില്‍ നിന്ന് പിറകോട്ട് ചിന്തിപ്പിക്കുന്നുണ്ട്. നാട്ടിലേക്കുള്ള ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകള്‍ക്ക് ഇപ്പോള്‍ വേണ്ടത്ര ആളെ കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ദുബായിലെ ഗതാഗത സംവിധാനവും വീണ്ടും പഴയപടിയാകുന്നു. മെട്രോയും ബസ്സും ട്രാമും ജലയാനങ്ങളും വീണ്ടും പഴയതുപോലെ അതാത് സമയങ്ങളിൽ ഓടിത്തുടങ്ങി. ശനിയാഴ്ച മുതല്‍ ബുധനാഴ്ചവരെ രാവിലെ 5.30 മുതല്‍ രാത്രി 12വരെയാണ് മെട്രോ ഗ്രീന്‍ ലൈനിലെ പുതുക്കിയ സമയം. വ്യാഴാഴ്ച രാത്രി ഒരു മണിവരെ സര്‍വീസ് ഉണ്ടായിരിക്കും.

രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ യു.എ.ഇയില്‍ കോവിഡ് എത്തിയിട്ട് അഞ്ചുമാസം തികയുന്നു. മറ്റു പല വിദേശരാജ്യങ്ങളും കോവിഡിനു മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ അതിവേഗം അതിജീവിച്ചിരിക്കുകയാണ് യു.എ.ഇ. മൂന്നുമാസമായി രാജ്യത്തുടനീളം ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിയന്ത്രണം ഒഴിവാക്കിയതോടെ രാജ്യം വീണ്ടും പഴയനില വീണ്ടെടുത്തിരിക്കുകയാണ്. അബൂദബി ഒഴികെയുള്ള എമിറേറ്റ്സുകളിലെ സഞ്ചാരനിയന്ത്രണമാണ് ഒഴിവാക്കിയത്. ഇതോടെ രാത്രി-പകല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഏതു സമയവും സഞ്ചരിക്കാന്‍ കഴിയും. യു.എ.ഇ ദുരന്തനിവാരണ സമിതിയുടേതാണ് പുതിയ തീരുമാനം. 

അബൂദബിയില്‍നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നതിനു വിലക്കില്ല. എന്നാല്‍, മറ്റ് എമിറേറ്റുകളില്‍നിന്ന് അബൂദബിയിലേക്കുള്ള പ്രവേശന വിലക്ക് തുടരും. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരും. പുറത്തിറങ്ങുന്നവര്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. സാമൂഹിക അകലം പാലിക്കണം. ബസ്സുകളിലും മെട്രോയിലും ടാക്സികളിലുമുള്ള നിയന്ത്രണം തുടരും. കാറുകളില്‍ മൂന്നുപേരില്‍ കൂടുതല്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) യാത്ര ചെയ്യരുത്. ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ മൂന്നില്‍ കൂടുതല്‍ പേര്‍ക്ക് യാത്രചെയ്യാം.

ഒരാളില്‍ കൂടുതല്‍ വാഹനത്തില്‍ ഉണ്ടെങ്കില്‍ എല്ലാവരും മാസ്ക് ധരിക്കണം. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങളില്‍ മാസ്ക് ഒഴിവാക്കാം. കൂട്ടം കൂടുന്നതിനും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ബന്ധുവീടുകളിലെ സന്ദര്‍ശനവും ഒഴിവാക്കണം.

കുട്ടികളും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും എടുത്തുകളഞ്ഞു എന്നാല്‍ ഇവിടെ ആരാധനാലയങ്ങളും സ്കൂളുകളുംനിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുതന്നെ കിടക്കും.

സ്കൂളുകള്‍ സെപ്റ്റംബറോടെ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ട്. അതുവരെ ഇ-ലേണിങ് തുടരാനാണ് തീരുമാനം. ചില ആരാധനാലയങ്ങള്‍ക്കു മുന്നില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ ഇവയെല്ലാം ഉടന്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചേക്കും.
Previous Post Next Post
3/TECH/col-right