Trending

അപവാദപ്രചാരണം നടത്തുന്നതായി പോത്തിന്റെ ഉടമയുടെ പരാതി.

പോത്തിനെ മോഷിച്ച് അറുത്തു വില്‍പ്പന നടത്തിയ ഇറച്ചി വില്‍പ്പനക്കാരനെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ അപവാദപ്രചാരണം നടത്തുന്നതായി പോത്തിന്റെ ഉടമയുടെ പരാതി.കാലി കച്ചവടക്കാരനായ പടനിലം പൂലോട്ട് അഷ്‌റഫാണ് നരിക്കുനി സ്വദേശി ഹുസ്സൈന്‍കുട്ടിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. 

ഈ മാസം ഏഴിന് പുലര്‍ച്ചെയാണ് പടനിലം പൂലോട്ട് അഷ്‌റഫിന്റെ രണ്ട് പോത്തുകളെയും ഒരു മൂരിയേയും കാണാതായത്. പടനിലം അങ്ങാടിയോട് ചേര്‍ന്ന് ദേശീയപാതയോരത്തുള്ള ആലയില്‍ നിന്നാണ് മാടുകളെ മോഷ്ടിച്ചത്. പോത്തുകളെ പിടിച്ചുകൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സഹിതം അഷ്‌റഫ് നല്‍കിയ പരാതിയില്‍ കുന്ദമംഗലം പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു മൂരിയെ നരിക്കുനിയില്‍ നിന്നും കണ്ടെത്തി. 



തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരിയിലും നരിക്കുനിയിലും ഇറച്ചിക്കട നടത്തുന്ന നരിക്കുനി ചെമ്പക്കുന്ന് കൂടത്തന്‍കണ്ടി ജാബിറിനെ ഞായറാഴ്ച കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇത് വാര്‍ത്തയായതോടെയാണ് പോത്ത് മോഷണത്തിന്റെ മറുവശം എന്ന പേരില്‍ നരിക്കുനി ചെങ്ങോട്ട്‌പൊയില്‍ സി പി ഹുസ്സൈന്‍കുട്ടിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 


ജാബിറിന് അഷ്‌റഫ് പണം നല്‍കാനുണ്ടെന്നും ഇതിന്റെ പേരിലാണ് പോത്തുകളെ മോഷ്ടിച്ചതെന്നുമായിരുന്നു കുറിപ്പ്. ഇതിന്നെതിരെയാണ് അഷ്‌റഫ് കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയത്. പതിവായി കാലികളെ വാങ്ങുന്ന ജാബിര്‍ ആറാം തിയ്യതി രാത്രിയിലും രണ്ട് കാലികളെ വാങ്ങിയിട്ടുണ്ടെന്നും ഒരുലക്ഷത്തി അന്‍പത്തി ഒന്നായിരും രൂപ തനിക്ക് തരാനുണ്ടെന്നും അഷ്‌റഫ് പറഞ്ഞു.
ജാബിറിന്റെ പിതാവില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറിപ്പ് തയ്യാറാക്കിയതെന്നാണ് ഹുസ്സൈന്‍കുട്ടിയുടെ പ്രതികരണം. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ട് എന്നതിന് പുതിയ പരാതി തന്നെ തെളിവാണെന്നും ആര് ആര്‍ക്കാണ് നല്‍കാനുള്ളത് എന്നത് സംബന്ധിച്ച് അവര്‍ക്ക് മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു.

കടയിലേക്ക് കാലികളെ വാങ്ങാറുണ്ടെന്നും സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൂടുതല്‍ അറിയില്ലെന്നുമാണ് ജാബിറിന്റെ പിതാവ് അബൂബക്കറിന്റെ പ്രതികരണം.

അപവാദ പ്രചാരണം സംബന്ധിച്ച അഷ്ഫറിന്റെ പരാതിയിലും കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.


പരാതിക്കാസ്പദമായ പ്രചാരണം

പോത്ത് മോഷണം.
ഇന്ന് നരിക്കുനി ഭാഗത്തുള്ള സോഷ്യൽ മീഡിയകളിലെ പ്രധാന വിഷയം ഇതാണ്.
   

ചെമ്പക്കുന്ന് സ്വദേശി ജാബർ മൂന്നു പോത്തുകളെ മോഷ്ടിച്ച്‌ രണ്ടെണ്ണത്തിനെ അറുത്ത് വിറ്റു എന്നും അയാളെ പോലീസ് അറസ്റ്റ് ചെയ്തു വെന്നുമാണ് വാർത്ത. ഇത്രയും കാര്യങ്ങൾ ഭാഗികമായി ശരിയാണ്. എന്നാൽ ഇതിനൊരു മറുവശമുണ്ട്. ഈ വാർത്തയെ ഒരാഘോഷമാക്കി നാട്ടിലും മറുനാട്ടിലും പ്രചരിപ്പിച്ചവർ അറിയാതെ പോയ , അഥവാ അന്വേഷിക്കാതെ പോയ ഒരു മറു വശം.

സത്യത്തിൽ എന്താണ് സംഭവിച്ചത്? ഇപ്പോൾ കള്ളനായ ജാബിറും പരാതിക്കാരനും വളരെ മുമ്പു മുതലെ ബിസിനസ്സ് പങ്കാളികളായിരുന്നു. അങ്ങനെയുള്ള കച്ചവട ബന്ധത്തിൽ പരാതിക്കാരൻ ജാബിറിന്ന് നല്ലൊരു തുക കൊടുക്കാനുണ്ട്. പല പ്രാവശ്യം അവധി പറഞ്ഞു വെങ്കിലും പണം കിട്ടിയില്ല. ഈ സാഹചര്യത്തിൽ തന്റെ പണം തിരിച്ചു പിടിക്കാനായി ജാബിർ കാണിച്ച ബുദ്ധിമോശമാണ് ഈ സംഭവത്തിന്ന് ഹേതു. അധിക വിദ്യാഭ്യാസമൊന്നും ഇല്ലാത്തവനും ഇതിന്റെ വരും വരായ്കകളെപ്പറ്റി ചിന്തിക്കുവാനുള്ള ബുദ്ധിയുമില്ലാതെ ചെയ്ത ഒരു പ്രവർത്തിയാണ് ഒരു കുടുംബത്തെ മുഴുവൻ കളങ്കപ്പെടുത്തിയത്. ഞാൻ ജാബിറിനെ ന്യായീകരിക്കാൻ വേണ്ടിയല്ല ഈ കുറിപ്പെഴുതിയത്. ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ എന്റെ മനസ്സാക്ഷിയുടെ മുമ്പിൽ ഞാൻ കുററക്കാരനാവും.
  

കഴിഞ്ഞ 17 വർഷമായി അബുബക്കറും കുടുംബവും എന്റെ തൊട്ടടുത്ത വീട്ടിലാണ് താമസം. ഈ ജാബർ അടക്കം അവിടെ യുള്ള അഞ്ചു ആൺകുട്ടികളെയും കൂട്ടിക്കാലം മുതൽ ഞങ്ങൾക്കൊക്കെ നന്നായറിയാം. അവർ ബാപ്പയും മക്കളും പുലർച്ചെ മുതൽ രാത്രി വരെ വണ്ടിക്കാളകളെപ്പോലെ ജോലി ചെയ്ത് അന്തസ്സായി ജീവിക്കുന്നവരാണ്. അയൽവാസികൾക്കൊ നാട്ടുകാർക്കെ അവരെപ്പറ്റി ഇന്നുവരെ ഒരു കുറ്റവും പറയാനില്ല. ഒരു പുകവലി പോലും ഇല്ലാത്ത മത പരമായ കാര്യങ്ങളിൽ കൃത്യത പുലർത്തുന്ന ആളുകളാണ് അവർ. ആ കുടുംബത്തിൽ ഒരാളും ഇങ്ങനെ ഒരു കാര്യം ചെയ്യില്ല. ഇവിടെ ജാബിർ കിട്ടാനുള്ള പണം വസൂലാക്കാൻ അവന്റെ ബുദ്ധിയിൽ തോന്നിയ ഒരു മണ്ടത്തരം കാണിച്ചു. അതാണ് യഥാർഥത്തിൽ സംഭവിച്ചത്.

 ഇനി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് എന്നും നിയമത്തിന്റെ ഭാഗത്ത് നിൽക്കുന്നവരും നിൽക്കേണ്ടവരുമാണ്. അവർക്ക് പരാതി കിട്ടി. അവർ അന്വേഷിച്ചു. പ്രതിയെ കണ്ടെത്തി. അവർ ചോദിച്ചപ്പോൾ ജാബർ സത്യം പറഞ്ഞു. അവനാണ് പോത്തിനെ കൊണ്ടുവന്നതെന്ന സത്യം അവൻ സമ്മതിച്ചപ്പോൾ പ്രതി കുറ്റം സമ്മതിച്ചു എന്നു തന്നെയല്ലെ പറയുക. പിന്നെ അവർ അവരുടെ നിയമനടപടികൾ സ്വീകരിച്ചു. പോലീസിന്ന് ഇതിന്റെ പിന്നാമ്പുറ കഥകളൊന്നും അറിയില്ലല്ലൊ.


  ഇവിടെ ഒരു വ്യക്തി മാത്രമല്ല ഒരു കുടുംബം മുഴുവൻ അപമാനഭാരത്താൽ തല കുനിക്കേണ്ടി വരികയാണെന്ന ചിന്തയാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. നമ്മളൊക്കെ സത്യമറിയാതെ ചെയ്യുന്ന ഫോർവേർഡ് മെസ്സേജുകൾ ചിലപ്പോൾ നമുക്കു തന്നെ പരിഹാരം കാണാൻ കഴിയാത്ത മുറിവുകൾ മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാക്കും. നാളെ നമ്മുടെ ഒരു കുടുംബാഗത്തിനാണ് ഇങ്ങനെ ഒരബദ്ധം പറ്റുന്നത് എങ്കിൽ എന്ന് ഒന്ന് ചിന്തിച്ചു നോക്കു .


  അതുകൊണ്ട് ഈ കുറിപ്പു കൂടെ ഫോർവേർഡ് ചെയ്യണമെന്ന് തോന്നുന്നവർക്ക് ഫോർവേർഡ് ചെയ്യാം. അത്രയെ പറയാനുള്ളൂ.
       

എന്ന്
    ഹുസ്സയിൻകുട്ടി . സി പി.
ചെങ്ങോട്ടു പൊയിൽ
     പാറന്നൂർ




Previous Post Next Post
3/TECH/col-right