Trending

ചില ദൈനംദിന തെറ്റുകള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്താം

കൊറോണ വൈറസ്' എന്ന പേര് നമുക്ക് പരിചിതമായിട്ട് അധികകാലം ആയിട്ടില്ല. ഏറെ ആശങ്കകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കൊറോണ എന്ന മഹാമാരി നമുക്കിടയില്‍ എത്തിയത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വൈറസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധര്‍ പറയുന്നു.


ബാക്ടീരിയയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വൈറല്‍ അണുബാധയോടോ പോരാടുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ് ശക്തമായ രോഗപ്രതിരോധ സംവിധാനം. ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി ഉണ്ടാകുന്നത് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.

ചില ദൈനംദിന ശീലങ്ങള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി താറുമാറാക്കാം. നമ്മുടെ ശരീരത്തിന് അനുകൂലമായി പ്രവര്‍ത്തിക്കാത്ത ചില കാര്യങ്ങള്‍ നമ്മള്‍ ദിവസേന ചെയ്തു വരുന്നു.
അത് നമ്മുടെ പ്രതിരോധശേഷിയെ ബാധിക്കുന്നു. ചില ദൈനംദിന തെറ്റുകള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്താം.

സമ്മര്‍ദ്ദം

രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് 'മാനസിക സമ്മര്‍ദ്ദം'. ഇത് മനസിന്റെയും ശരീരത്തിന്റെയും രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കും. സ്ഥിരമായി ടെന്‍ഷന്‍ അനുഭവിക്കുന്നവരുടെ ആരോഗ്യ സ്ഥിതി വളരെയധികം മോശമാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഉറക്കമില്ലായ്മ

രാത്രിയില്‍ കുറഞ്ഞത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ നേരം വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഉറക്കത്തിന്റെ അളവ് കുറയുന്നതോടെ അത് നമ്മുടെ പ്രതിരോധശേഷിയേയും കാര്യമായി ബാധിക്കും. നിങ്ങള്‍ നന്നായി ഉറങ്ങുമ്ബോള്‍ ശരീരം 'സൈറ്റോകൈനുകള്‍' (cytokines) പുറത്തുവിടുന്നു. അണുബാധയില്‍ നിന്നും വീക്കത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന പ്രോട്ടീന്‍ ആണ് ഇവ.
നിങ്ങള്‍ നന്നായി ഉറങ്ങുന്നില്ലെങ്കില്‍, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ സൈറ്റോകൈനുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ല. ഇത് ബാക്ടീരിയയെയും വൈറസിനെയും പ്രതിരോധിക്കാന്‍ രോഗപ്രതിരോധ സംവിധാനത്തെ ബുദ്ധിമുട്ടിലാക്കും. അതുകൊണ്ട് രാത്രിയില്‍ കൃത്യ സമയത്ത് ഉറങ്ങാനും രാവിലെ നിശ്ചിത നേരത്ത് ഉണരാനും പ്രത്യേകം ശ്രദ്ധിക്കുക.

വിറ്റാമിന്‍ ഡിയുടെ കുറവ്
ശരീരത്തിന് അത്യാവശ്യമായ വിറ്റാമിനുകളില്‍ ഒന്നാണ് 'വിറ്റാമിന്‍ ഡി'. ഇന്നത്തെ കാലത്ത് കണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു അവസ്ഥയ കൂടിയാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. ഇത് പ്രത്യക്ഷമായും പരോക്ഷമായും പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. വിറ്റാമിന്‍ ‍ഡിയുടെ കുറവ് ശരീരത്തിന്റെ പ്രതിരോധ ശേഷിയ ദോഷകരമായി ബാധിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്.
സൂര്യപ്രകാശം പ്രധാന രോഗപ്രതിരോധ കോശങ്ങളെ (ടി-സെല്ലുകള്‍) നേരിട്ട് സജീവമാക്കുകയും ശരീരത്തിലൂടെ അവയുടെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശം കൊള്ളുന്നത് ചര്‍മ്മപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയുന്നു. ദിവസവും രാവിലെ 15 മിനിറ്റ് സൂര്യപ്രകാശം കൊള്ളുന്നത് ശീലമാക്കണമെന്ന് യുഎസിലെ ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയിലെ ​​ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

വ്യായാമം ചെയ്യാതിരിക്കുന്നത്
ദിവസവും കുറച്ച്‌ സമയം വ്യായാമത്തിനായി മാറ്റി വയ്ക്കുന്നത് നല്ല ആരോഗ്യത്തിനും പ്രതിരോധശേഷി കൂട്ടാനും മികച്ച മാര്‍ഗ്ഗമാണ്. പതിവായി വ്യായാമം ചെയ്യുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് ​പഠനങ്ങള്‍ പറയുന്നത്. വ്യായാമം ആന്റിബോഡികളെയും വെളുത്ത രക്താണുക്കളെയും വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുവാനും അവയ്ക്കെതിരെ ഫലപ്രദമായി പോരാടാനും സജ്ജമാക്കുന്നു.

മോശം ഭക്ഷണ രീതി
മോശം ഭക്ഷണ രീതിയാണ് ഉള്ളതെങ്കില്‍ അതും രോഗപ്രതിരോധ ശേഷിയെ തകര്‍ക്കും. ജങ്ക്ഫുഡ് ആണ് ഇവയില്‍ പ്രധാന വില്ലന്‍. മാത്രമല്ല ഇവയിലെല്ലാം ചേര്‍ക്കുന്ന രാസവസ്തുക്കള്‍ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്നു. ജങ്ക്ഫുഡ് ഒഴിവാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.

മദ്യപാനം
മദ്യപിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് രോഗത്തിനെതിരെ പൊരുതുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും നമ്മുടെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുകയും ചെയ്യുന്നു. പതിവായി മദ്യപിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് 'സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ' വ്യക്തമാക്കുന്നു.

Previous Post Next Post
3/TECH/col-right