ചേളാരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ ഇരുസര്‍ക്കാരുകളുടെയും നിബന്ധനകള്‍ പാലിച്ച്‌ പള്ളികള്‍ തുറന്ന് ജുമുഅ: ജമാഅത്ത് നിര്‍വ്വഹിക്കണമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തല്‍ ഉലമാ നേതാക്കളുടെയും പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം അറിയിച്ചു.


രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരമാണ് ഇത് വരെ പള്ളികള്‍ അടച്ചിട്ടത്. അതേ ഭരണകൂടം പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിബന്ധനകളോടെ അനുമതി നല്‍കിയ സാഹചര്യത്തിലാണ് പള്ളികള്‍ തുറക്കുന്നത്. നിബന്ധനകള്‍ പാലിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പള്ളികള്‍ തുറന്ന് ആരാധനക്ക് അവസരമൊരുക്കാതിരിക്കുന്നത് കുറ്റകരമാണ്.

മഹല്ല് ജമാഅത്തുകളും ഖാസി, ഖത്തീബുമാരും ഇക്കാര്യം ഗൗരവത്തിലെടുക്കണം. അതേസമയം നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തവര്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതുമാണ്.
പ്രാദേശിക തലങ്ങളില്‍ പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ ചില കമ്മിറ്റികള്‍ പള്ളിതുറക്കുന്നതുമായി ബന്ധപ്പെട്ടും, മതപരമായ മറ്റുവിഷയങ്ങളിലും ഇടപെടുന്നതായി അറിയുന്നു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഈ കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടതെന്നിരിക്കെ മറ്റ് കാര്യങ്ങളില്‍ അന്യായമായി ഇടപെടുന്നത് ഒഴിവാക്കേണ്ടതാണ്.
കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ തിരിച്ചുവരുന്ന പ്രവാസികളെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കണമെന്നും, ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സുന്നി യുവജന സംഘം സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. 

പോഷക സംഘടനകളെ പ്രതിനിധീകരിച്ച്‌ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, പി.കെ ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, അബ്ദുല്‍ഹമീദ് ഫൈസി അമ്ബലക്കടവ്, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി പ്രസംഗിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.