Trending

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉറപ്പാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

കോഴിക്കോട്: ലോക് ഡൗണ്‍ കാരണം സ്‌കൂള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനല്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു. ജില്ലാ വിദ്യാഭ്യാസ ഓഫീസും സര്‍വ്വശിക്ഷാ അഭിയാനും നടത്തിയ സര്‍വ്വേകളില്‍ ജില്ലയില്‍ 6,652 വിദ്യാര്‍ത്ഥികള്‍ക്ക് ടി വിയോ സ്മാര്‍ട്ട് ഫോണുകളോ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. 


ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭിക്കേണ്ടത് വിദ്യാഭ്യാസാവകാശ നിയമ പ്രകാരം അത്യാവശ്യമാണെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാക്കുന്നതിനാണ് കലക്ടര്‍ ഉത്തരവിട്ടത്. എല്ലാ കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരും വിക്ടേഴ്സ് ചാനല്‍ നിര്‍ബന്ധമായും എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുക, വിക്ടേഴ്സ് ചാനല്‍ ലഭ്യമാകുന്ന ഫ്രീക്വന്‍സി എല്ലാ ചാനല്‍ ഓപ്പറേറ്റര്‍മാരും പരസ്യപ്പെടുത്തുക, നിലവില്‍ കേബിള്‍ കണക്ഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുള്ള വീടുകളില്‍ കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ നിര്‍ബന്ധമായും ഈ സൗകര്യം ഉറപ്പുവരുത്തുക.

ടി വിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിശ്ചിത പൊതുസ്ഥലങ്ങളില്‍ കേബിള്‍ കണക്ഷനോട് കൂടിയ ടി വി സ്ഥാപിച്ചുവെന്നും ആയത് എല്ലാ വിദ്യാര്‍ത്ഥികളും ഉപയോഗിക്കുന്നുണ്ടെന്നും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ ഉറപ്പുവരുത്തുക, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ബ്ലോക്ക് റിസോഴ്സ് സെന്ററുകള്‍ (ബിആര്‍സി) ലഭ്യമാക്കുക.

ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭിക്കുന്നു എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ ഉറപ്പുവരുത്തുക, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കായി വിക്ടേഴ്സ് ചാനല്‍ ലഭ്യമാക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ട് തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാര്‍ ജില്ലാ കളക്ടര്‍ക്ക് ഇ-മെയില്‍ വഴി സമര്‍പ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ഉത്തരവിലുള്ളത്. 

വീഴ്ച വരുത്തുന്ന പക്ഷം വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ടി വി സ്ഥാപിക്കേണ്ട പൊതുസ്ഥലങ്ങളുടെ പട്ടികയും നല്‍കിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right