എളേറ്റിൽ: കോവിഡ് - 19 ന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണവും നിർദ്ദേശങ്ങളും നൽകിയിട്ടും SSLC വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ തടിച്ചു കൂടിയതിൽ ആശങ്ക.ഇന്ന് പ്ലസ്ടു പരീക്ഷ കൂടി തുടങ്ങുന്നതോടെ ഇത് ഇരട്ടിയാവുമോ എന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്.

ഇവിടെ നിയന്ത്രണത്തിന് വേണ്ടി പഞ്ചായത്,പോലീസ് അധികാരികൾ ചർച്ച നടത്തിയിരുന്നെങ്കിലും ആവശ്യത്തിനുള്ള പോലീസ് ഇവിടെ ഉണ്ടായിരുന്നില്ല എന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.ആളുകൾ കൂടിയ സമയത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 2 പോലീസുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് കൂടുതൽ പോലീസ് എത്തിയതെന്നും പറയുന്നു.


ഇതോടെ നൂറു കണക്കിന് വാഹനങ്ങൾ എം ജെ ക്ക് മുന്നിലെ റോഡിൽ നിറയുകയായിരുന്നു.പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികളെ വീടുകളിലേക്ക് തിരിച്ച് കൊണ്ട് പോവാൻ വന്ന  രക്ഷിതാക്കൾ ഒരു അകലവും പാലിക്കാതെ തടിച്ചു കൂടി.നേരത്തെ ഇതേ രീതിയിൽ പല സ്ഥലങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികൾ തടിച്ച് കൂടിയപ്പോൾ വലിയ ചർച്ചയായിരുന്നു.

പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെയുമായെത്തിയ  രക്ഷിതാക്കൾ എല്ലാവരും മാസ്ക് ധരിച്ചിരുന്നുവെങ്കിലും ഗേറ്റിന് മുന്നിൽ ഒരു അകലവും പാലിക്കാതെ ഒത്തു കൂടിയത് സോഷ്യൽ മീഡിയയിലും ചർച്ചയാവുന്നുണ്ട്.


കത്തറമ്മൽ - എളേറ്റിൽ റോഡിൽ ഗതാഗതക്കുരുക്കിനും ഇത് വഴിവെച്ചു.
സമൂഹ വ്യാപനം ഭയക്കുകയും ദിനം പ്രതി പോസിറ്റീവ് കേസുകൾ കൂടുകയും ചെയ്യുന്ന ഈ അവസരത്തിൽ രക്ഷിതാക്കളിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയാൽ എല്ലാവരും ക്വാറണ്ടയിനിൽ പോവേണ്ട സ്ഥിതിയും വന്നേക്കും.
സ്കൂളിനകത്ത് വിദ്യാർത്ഥികൾക്കാവശ്യമായ സാനിറ്റൈസറും മറ്റ് സംവിധാനങ്ങളും, അകലങ്ങളുമെല്ലാം വേണ്ട പോലെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും പുറത്ത് നടക്കുന്ന ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ വേണ്ട ക്രമീകരണം ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നും കൈക്കൊള്ളേണ്ടതാണെന്നാണ് നാട്ടുകാരുടെ ആവശ്യം.