Latest

6/recent/ticker-posts

Header Ads Widget

സഹാനുഭൂതിയുടെ വിശേഷപ്പെരുന്നാൾ :മുഹമ്മദ് ഇസ്മായിൽ മുജദ്ദിദി

വ്രതാനുഷ്ഠാനം കഴിഞ്ഞ് ചെറിയ പെരുന്നാളിലേക്കു വിശ്വാസികൾ കടന്നിരിക്കുകയാണല്ലോ. കോവിഡ് 19 ൻ്റെ ഭീതിയിൽ ലോക്ഡൗണിൻ്റെ പ്രത്യേക സാഹചര്യത്തിൽ ഇതാദ്യമായിട്ടായിരിക്കും ഇപ്പോഴത്തെ തലമുറ പള്ളികളിൽ ജമാഅത്തിനു പോകാൻ സാധിക്കാതെ, ഇഫ്താർ വിരുന്നുകളില്ലാതെ, സംഘടിത പാതിരാ നിസ്കാരങ്ങൾ ഒഴിവാക്കി ഒരു വ്രതകാലം പിന്നിടുന്നത്. എന്നിരുന്നാലും വിശ്വാസിയെ സംബന്ധിച്ചിടത്തോളം കാരുണ്യത്തിൻ്റെ, സഹാനുഭൂതിയുടെ, മാനവികതയുടെ അടയാളപ്പെടുത്തലുകളത്രെ നോമ്പുകാലം. 

ഏവർക്കും എളേറ്റിൽ ഓൺലൈനിന്റെ ഈദ് ആശംസകൾ ....

മത-ജാതി-വർഗ - ഭാഷാ- വ്യത്യാസമില്ലാതെ ഈ ആർദ്രത പ്രവഹിക്കുന്ന ദിനങ്ങളാണ് പിന്നിട്ടത്.പട്ടിണി കിടക്കുന്നവൻ്റെ ആവലാതികളും ദാഹാർത്ഥൻ്റെ പരിദേവനകളും മനുഷ്യനെ പഠിപ്പിക്കാൻ വ്രതാനുഷ്ഠാനത്തിലൂടെ സാധ്യമാകുന്നു. അതോടൊപ്പം നാവിനെ സൂക്ഷിച്ചുയോഗിച്ച് വ്യക്തി വിശുദ്ധി വളർത്തിയെടുക്കേണ്ട കാലമായിരുന്നു കടന്നു പോയത്.നാവിനെ ശ്രദ്ധിച്ചും സൂക്ഷിച്ചും ഉപയോഗിക്കാൻ കഴിയാത്തവൻ പകൽ മുഴുവൻ പട്ടിണി കിടക്കുന്നത് കൊണ്ട് മാത്രം പ്രയോജനമില്ലെന്ന പ്രവാചക തിരുമേനിയുടെ അധ്യാപനം ഏറെ ശ്രദ്ധേയമാണ്. 

സൃഷടികൾ പരസ്പരം ചെയ്യുന്ന ഇടപാടുകൾ സ്രഷ്ടാവുമായുള്ള കടം വീട്ടലുകളായി മാറുന്നത് വിശ്വമാനവികതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. മനുഷ്യരുമായുള്ള ബാധ്യത വീടാത്തവൻ്റെ ഹജ്ജ് നിഷ്ഫലമത്രെ,മനുഷ്യർ തൻ്റെ ലാഭത്തിൽ നിന്ന് നിശ്ചിത വിഹിതം പാവപ്പെട്ടവർക്ക് സക്കാത്ത് നൽകേണ്ടതുണ്ട്. അതല്ലാതെ അവൻ്റെ ധനം ശുദ്ധീകരിക്കപ്പെടുന്നില്ല.പിണക്കത്തിൽ കഴിയുന്നവൻ്റെ പ്രാർത്ഥനയും ദൈവം കേൾക്കില്ലത്രെ.ഇതെല്ലാം നമ്മോട് പറയുന്നത് മനുഷ്യബന്ധങ്ങൾ രൂഢമൂലമാകുമ്പോഴാണ് ദൈവത്തിന് സൃഷ്ടിയോട് സാമീപ്യമുള്ളവനാകുന്നതെന്നാണ്.

ഇതര ജീവജാലങ്ങളോടുള്ള ശ്രദ്ധയിലും കരുതലിലും മുഹമ്മദ് നബിയുടെ പാഠങ്ങളാണ് വിശ്വാസിക്ക് കരുത്ത് പകരേണ്ടത്. രണ്ട് കൊച്ചു ഉപമകൾ അനുയായികൾക്ക് നബി തിരുമേനി പറഞ്ഞു കൊടുത്തു. അതിപ്രകാരമായിരുന്നു:
ഒരു ദൈവ വിശ്വാസിയായ സ്ത്രീ. നിസ്കാരം കൃത്യമായി നിർവഹിച്ചിരുന്നു. നോമ്പനുഷ്ഠിച്ചിരുന്നു. മറ്റു സത് പ്രവർത്തനങ്ങളിൽ നിരതയായിരുന്നു. ഒരിക്കൽ ഒരു പൂച്ചയെ കെട്ടിയിട്ടു. അതിന് ഭക്ഷണം നൽകിയില്ല. അഴിച്ച് വിട്ട് വല്ലതും കഴിക്കാൻ അനുവദിച്ചതുമില്ല. ആ പൂച്ച ചത്തുപോയി. ആ സ്ത്രീ അത് കാരണം നരകാവകാശിയായി.

എന്നാൽ മറ്റൊരു സ്ത്രീ. അവർ വേശ്യയും ദുർവൃത്തയുമായിരുന്നു. ആളുകൾക്കിടയിൽ മതിപ്പുണ്ടായിരുന്നില്ല. ഒരിക്കൽ ഒരു യാത്രാമധ്യെ ദാഹമകറ്റാൻ ഒരു ജലാശയം തേടി നടന്നു. അവസാനം ഒരു കിണറിനടുത്തെത്തി. കിണറിനു ചുറ്റും ദാഹാർത്ഥനായി നാക്കു നീട്ടി വലയം ചെയ്യുന്ന നായയെ സ്ത്രീ കാണാനിടയായി.അലിവു തോന്നിയ സത്രീ തൻ്റെ ഷൂ അഴിച്ചു. കടിച്ചു പിടിച്ചു പടവുകൾ ചവിട്ടി കിണറ്റിലിറങ്ങി. എന്നിട്ട് ഷൂവിൽ വെള്ളം നിറച്ച് വായിൽ കടിച്ചു പിടിച്ച് പടവുകൾ കയറി വരികയും നായയുടെ ദാഹമകറ്റുകയും ചെയ്തു. അത് കാരണം ആ സ്ത്രീ സ്വർഗാവകാശിയായി.
ചില സത്പ്രവൃത്തികൾ മതി വലിയ പുണ്യം ലഭിക്കാനെന്ന പാoവും നിസാരമെന്ന് കരുതുന്ന ചില ദുഷ്പ്രവൃത്തികൾ മനുഷ്യൻ്റ പ്രകടമായ ആരാധനകളെ പൊളിച്ചുകളയുമെന്ന പാoവും വിശ്വാസികളെ നബി പഠിപ്പിച്ചു. അങ്ങനെ ജീവകാരുണ്യത്തിൻ്റെ നിരവധി മഹത്തായ അധ്യാപനങ്ങൾ നമുക്ക് മുഹമ്മദ് നബി പകർന്നു തന്നിട്ടുണ്ട്.ഈ കരുണയുടെ പാoങ്ങളാണ് വിശ്വാസിയെ കരുത്തനാക്കുന്നത്. സഹജീവികളോടുള്ള കരുതലും അനുകമ്പയും സഹിഷ്ണുതയും വിട്ടുവീഴ്ചയും ആ തിരുമേനിയിൽ നിന്ന് പകർത്താനുള്ള ശ്രമങ്ങളാണ് വേണ്ടത്.

ചുരുക്കത്തിൽ, വ്രതത്തിലുടെ സംസ്കരിച്ചെടുത്ത സ്ഫടിക സമാനമായ മനസ് കളങ്കപ്പെടാതെ സംരക്ഷിക്കാൻ തുടർന്നുള്ള ആയുസിലും നമുക്കു സാധിക്കട്ടെ. ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ....

മുഹമ്മദ് ഇസ്മായിൽ മുജദ്ദിദി

Post a Comment

0 Comments