കോഴിക്കോട്: ഒരുമാസത്തെ റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ആഘോഷത്തിന്റെ പൊലിമ കൊവിഡ് കുറച്ചെങ്കിലും പെരുന്നാളിനെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കവും വിശ്വാസികള്‍ പൂര്‍ത്തിയാക്കി. കൊവിഡിനെ തുടര്‍ന്ന് പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലൊതുങ്ങുമെങ്കിലും ആഘോഷത്തിന് പൊലിമ കുറയാതെ നോക്കുകയാണ് വിശ്വാസികള്‍. പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. 


ഇത്തവണ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന് ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം. പുതുവസ്ത്രം പോലും വാങ്ങാതെയാണ് പലരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമാകുന്നത്. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്. മത്സ്യ-മാംസ കമ്പോളങ്ങളില്‍ അതുകൊണ്ട് തന്നെ തിരക്ക് അനുഭവപ്പെട്ടു.

വ്യാപാര കേന്ദ്രങ്ങളിലൊന്നും പെരുന്നാള്‍ തലേന്നത്തെ പതിവ് കാഴ്ചകളില്ല. ആളുകള്‍ വളരെ കുറവാണ്. വിപണിയെയും കൊവിഡ് കാലത്തെ മാന്ദ്യം ബാധിച്ചു. പെരുന്നാള്‍ ഒരുക്കങ്ങള്‍ മുതിര്‍ന്നവര്‍ ഉള്‍പ്പടെ നടത്തുന്നത് വീടിനകത്തിരുന്നാണ്. ആഘോഷങ്ങള്‍ കുറച്ച് കൊവിഡ് മുക്തിക്കായി പ്രാര്‍ത്ഥിക്കാനാണ് വിശ്വാസികളോട് ഇത്തവണ മത നേതാക്കളുടെ ആഹ്വാനം.


ഈദുൽ ഫിത്തർ സന്ദേശങ്ങൾ
 

പ്രതിസന്ധികളിൽ തളരുന്നവർക്ക് കരുത്തേകാനുള്ള പ്രവർത്തനങ്ങളിൽ മുഴുകാൻ മുസ്‌ലിം ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഈദുൽ ഫിത്തർ സന്ദേശത്തിൽ ആഹ്വാനംചെയ്തു.

കോവിഡ് -19 കാരണം ലോകത്തിലെ മുഴുവൻ മനുഷ്യരും വിവിധ വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ ചെറിയ പെരുന്നാൾ പുതിയൊരു ജീവിതശൈലിയുടെ തുടക്കമാവട്ടെയെന്ന് എ.പി. അബൂബക്കർ മുസ്‌ല്യാർ സന്ദേശത്തിൽ പറഞ്ഞു. സാമ്പത്തികമായി പ്രയാസകരമായ ഒരു സ്ഥിതിവിശേഷം രൂപപ്പെട്ടതിനാൽ, ധൂർത്തും ആഡംബരവും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നന്മയും സ്‌നേഹവും ഐക്യവും പരസ്പരം കാത്തുസൂക്ഷിക്കാൻ ഈവേളയിൽ നാം തയ്യാറാവണം. വ്രതശുദ്ധിയിൽ കരസ്ഥമാക്കിയ ഊർജം ഭാവിജീവിതത്തിലേക്കുള്ള വഴിവിളക്കാവട്ടെയെന്ന്‌ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങൾ പറഞ്ഞു.

അനീതികൾക്കെതിരേ പൊരുതാനും പ്രയാസമനുഭവിക്കുന്നവരെ പരിഗണിക്കാനും പ്രതിസന്ധികളിൽ പ്രതീക്ഷയോടെ മുന്നോട്ടുപോകാനുമാണ് ഈദുൽ ഫിത്തർ ആഹ്വാനം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽഅസീസ് ഈദ് സന്ദേശത്തിൽ പറഞ്ഞു.


പള്ളികളിലും ഈദ്‍ഗാഹുകളിലും നമസ്കാരമില്ല; ഗള്‍ഫില്‍ പൊലിമകളില്ലാതെ പെരുന്നാള്‍ ആഘോഷം

കർശന നിയന്ത്രണങ്ങൾക്കിടയിൽ മുഴുവൻ ഗൾഫ് രാജ്യങ്ങളും ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ഗൾഫിൽ എവിടെയും പള്ളികളിലും ഈദ്‍ഗാഹുകളിലും പെരുന്നാൾ നമസ്കാരമുണ്ടാവില്ല. വീടുകളിൽ ആഘോഷത്തിനായി ഒത്തുചേരുന്നതിനും നിയന്ത്രണമുണ്ട്.

ഒരു ദിവസം വൈകി റമദാൻ ആരംഭിച്ച ഒമാൻ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളും ഇന്ന് ഈദുൽ ഫിത്വറിനെ വരവേൽക്കുകയാണ്. കോവിഡ് മുൻകരുതലിന്റെ ഭാഗമായി പെരുന്നാളിന്റെ പതിവ് കാഴ്ചകളൊന്നും ഇല്ലാത്ത ഈദാണ് ഇന്ന്. പള്ളികളിൽ തക്ബീറിന്റെ സംപ്രേഷണം മാത്രമേ ഉണ്ടാകൂ. നമസ്കാരമുണ്ടാവില്ല. ഈദ്ഗാഹുകളും വിശ്വാസികളില്ലാതെ ഒഴിഞ്ഞുകിടക്കും. 

താമസയിടങ്ങളിൽ പെരുന്നാൾ നമസ്കരിക്കാനാണ് മതകാര്യ വകുപ്പുകൾ ഫത്‍വ നൽകിയിരിക്കുന്നത്. അങ്ങനെ പെരുന്നാളിന്റെ പൊലിമകളൊന്നും തന്നെ ഇത്തവണയില്ല.ആശംസ കൈറുന്നതും പെരുന്നാൾ സമ്മാനങ്ങൾ കൈമാറുന്നതും ഓൺലൈനാക്കണം എന്നാണ് നിർദേശം. കുട്ടികളും പ്രായമായവരും മറ്റുള്ളവരുമായി ഇടപഴകുന്നത് പൂർണമായും ഒഴിവാക്കണം.

വീടുകളിലും പുറത്തും ആളുകൾ ഒത്തുകൂടി ആഘോഷം സംഘിടിപ്പിച്ചാൽ കനത്ത പിഴ നൽകേണ്ടിവരും. ഫിത്വർ സകാത്ത് കൈമാറിയും ഭക്ഷണമെത്തിച്ചും പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ വിവിധ സാമൂഹിക സംഘടനകൾ ഗൾഫിലും സജീവമാണ്.